April 20, 2025

മാനന്തവാടി നഗരസഭാ യോഗത്തിൽ മത്സ്യമാർ‌ക്കറ്റിനെ ചൊല്ലി ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യേറ്റം

Share

 

മാനന്തവാടി : മത്സ്യ മാർക്കറ്റിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ യോഗത്തിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും കയ്യേറ്റവും. പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. പുതുക്കിയ ബൈലോ പ്രകാരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യ മാർക്കറ്റിൽ നിന്നും 3 കിലോമീറ്റർ അകലത്തിലേ മറ്റു മത്സ്യ കച്ചവടം ആരംഭിക്കാവൂ എന്നു നിർദേശിച്ചിരുന്നു.

 

എന്നാൽ എരുമത്തെരുവിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റിൽ അമിത വില ഈടാക്കുന്നതായി നിരന്തരം പരാതികൾ ഉയരുന്നതിന്റെ അടിസ്ഥാനത്തിലും പുതുതായി എത്തുന്ന തൊഴിൽ സംരംഭകർക്ക് മാനന്തവാടി ടൗണിലോ പരിസര പ്രദേശങ്ങളിലോ മത്സ്യ വ്യാപാരം ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലും ദൂരപരിധി ഒരു കിലോമീറ്ററാക്കി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് എൽഡിഎഫ് അംഗങ്ങൾ ആദ്യം യോഗം ബഹിഷ്കരിച്ചത്.

 

പിന്നീട് പ്രതിപക്ഷ അംഗങ്ങൾ യോഗ ഹാളിലേക്ക് എത്തിയപ്പോഴേക്ക് ഭരണ സമിതിയിൽ ക്രമ വിരുദ്ധമായി അജണ്ട അവതരിപ്പിച്ച് ചർച്ചകൾ കൂടാതെ പാസാക്കിയത് ചോദ്യം ചെയ്തു. ഇതിൽ തുടങ്ങിയ വാക് പോര് ഇരു വിഭാഗവും തമ്മിലുള്ള കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

മത്സ്യത്തിന്റെ അമിത വില അവസാനിപ്പിക്കാൻ ഉതകുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകാതിരുന്നത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ സമയത്ത് ആദ്യ 20 അജണ്ടകൾ മാറ്റി വച്ച് 21മത് അജണ്ട എടുത്തത് അനധികൃത മത്സ്യ വ്യാപാരിയെ വഴിവിട്ടു സഹായിക്കാനാണ്. ഇക്കാര്യങ്ങൾ പൊതുജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടുമെന്ന് പ്രതിപക്ഷ അംഗങ്ങൾപറഞ്ഞു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.