September 20, 2024

മണിപ്പൂർ കലാപം : ഐക്യദാർഢ്യ പ്രഖ്യാപന റാലി 20 ന് പനമരത്ത്

1 min read
Share

 

പനമരം : മാനന്തവാടി രൂപത നടവയൽ ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചും ഓഗസ്റ്റ് 20 ന് രണ്ടുമണിക്ക് പനമരം ടൗണിൽ ജനകീയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. നടവയൽ മേഖലയുടെ കീഴിലുള്ള 13 ഇടവകയിലെയും വിശ്വാസികളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലുമായുള്ള 5000 ത്തോളം പേർ പങ്കെടുക്കും.

 

പനമരം സെന്റ് ജൂഡ് ദേവാലയ പരിസരത്ത് നിന്നും ആരംഭിക്കുന്ന ബഹുജന പ്രതിഷേധ റാലി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ.ആർ കേളുവും, പൊതുസമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ ടി.സിദ്ധിഖും ഉദ്ഘാടനം ചെയ്യും. നടവയൽ ഫൊറോന കൗൺസിൽ ചെയർമാൻ റവ. ഫാ. ഗർവാസിസ് മറ്റം അധ്യക്ഷത വഹിക്കും. ജോസ് പള്ളത്ത് വിഷയാവതരണം നടത്തും.

 

അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, ചെയർമാൻ ഫാ. ജോസ് കപ്പിയാരുമല, സ്വാഗതസംഘം ചെയർമാൻ ഫാ. അനൂപ് കോച്ചേരിൽ, ഫാ. അലോഷ്യസ് കുളങ്ങര, ഫാ. ഷിനു മണിക്കോട്, സെക്രട്ടറി എം.സി.സെബാസ്റ്റ്യൻ, സി.ആൻസി പോൾ, കുമാരി ഐറിൻ, പ്രോഗ്രാം കൺവിനർ സെബാസ്റ്റ്യൻ പുരയ്ക്കൽ എന്നിവർ സംസാരിക്കും.

 

മണിപ്പൂരിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കണം. കലാപം ഇത്രയും ഭീകരമായി മാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രസർക്കാരിനും മണിപ്പൂർ സർക്കാരിനുമാണ്. ഭരണകൂടങ്ങളുടെ ആസൂത്രിത ഭീകര പ്രവർത്തനമാണ് മണിപ്പൂരിൽ. കൊടുംക്രൂരതയാണ് സർക്കാരിൻറെ പിൻബലത്തോടെ കലാപകാരികളിൽ ഒരുവിഭാഗം കാട്ടിക്കൂട്ടുന്നത്. അക്രമികൾ സ്ത്രീകളെ കൂട്ട മാനഭംഗത്തിന് വിധേയമാക്കിയതും, നഗ്നരായി തെരുവിലൂടെ നടത്തിയതും, കൊല ചെയ്യുന്നതും നമ്മൾ കാണുകയാണ്. സമാധാനം പുന:സ്ഥാപിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മണിപ്പൂർ സർക്കാരിനെ പിരിച്ചുവിടുവാൻ രാഷ്ട്രപതി തയ്യാറാകണം. വിഷയത്തിൽ പാർലമെൻറിൽ പ്രധാനമന്ത്രി പ്രസ്താവന രണ്ടു മിനിറ്റിൽ മാത്രം ഒതുക്കിനിർത്താതെ അവിടെ ശിഥിലമായ കുടുംബങ്ങളെ ഒന്നിപ്പിക്കണം. യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കണം. ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് ഭവനങ്ങൾ നിർമ്മിച്ചു കൊടുക്കണം. വിധവകളായ അമ്മമാരുടെയും യുവതികളുടെയും സാമ്പത്തിക ഉത്തരവാദിത്വം മണിപ്പൂർ സർക്കാരും കേന്ദ്ര ഗവൺമെന്റും ഏറ്റെടുക്കണം.

 

പത്രസമ്മേളനത്തിൽ ഫൊറോന കൗൺസിൽ ചെയർമാൻ റവ.ഫാ. ഗർവാസീസ് മറ്റം, സ്വാഗതസംഘം ചെയർമാൻ ഫാ.അനൂപ് കോച്ചേരിൽ, സെക്രട്ടറി എം.സി സെബാസ്റ്റ്യൻ, കെ.സി.വൈ.എം മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ, എ.കെ.സി.സി. മേഖല സെക്രട്ടറി സജി ഇരട്ടമുണ്ടക്കൽ എന്നിവർ സംസാരിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.