കാട്ടിക്കുളത്ത് വൻ ഹാൻസ് വേട്ട; പിക്കപ്പിൽ കടത്തിയ 75 ചാക്ക് ഹാന്‍സുമായി യുവാവ് പിടിയിൽ
കാട്ടിക്കുളം: ഓണത്തിനോടനുബന്ധിച്ച് വയനാട്ടിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണു, എസ്.ഐ സി.ആര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയില്‍ പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടി.
15 പൗച്ചുകളടങ്ങിയ 50 കവറുകളിലുള്ള 56,250 ഹാന്‍സ് ആണ് പിടികൂടിയത്. വിപണിയില്‍ 30 ലക്ഷത്തോളം വിലമതിക്കുന്നതാണിതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഹാന്‍സ് കടത്തിയ ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസ് (27) നെ അറസ്റ്റ് ചെയ്തു. ഹാന്‍സ് കടത്തിയ കെ.എല്‍ 55 എന്‍ 6018 വാഹനവും കസ്റ്റഡിയിലെടുത്തു.
എ.എസ്.ഐ സൈനുദ്ധീന്‍, എസ്.സി.പി.ഒ സുഷാദ്, സിപി.ഒമാരായ ലിജോ, ബിജു രാജന്‍, രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയവരും ഹാന്‍സ് പിടികൂടുന്നതില്‍ പങ്കാളികളായി.