വയനാട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ് : കൈക്ക് പൊട്ടലേറ്റ വയോധിക ദുരിതമനുഭവിച്ചത് 24 ദിവസം
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈക്ക് പൊട്ടലേറ്റ വയോധിക ദുരിതമനുഭവിച്ചത് 24 ദിവസം. ആറാംമൈല്‍ മൊക്കം മാനാഞ്ചിറയിലെ പരേതനായ കുഴുപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (61)യാണ് ചികിത്സയിലെ പിഴവ്മൂലം 24 ദിവസം ദുരിതമനുഭവിച്ചത്.
ജൂലൈ ഒന്നിന് വൈകുന്നേരം 6.20നാണ് വീട്ടില്‍ നിന്നും വീണ് ഇടത് കൈക്ക് പരിക്ക് പറ്റിയ ഖദീജയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എക്‌സറെ എടുത്തപ്പോള്‍ ഇടത് കൈയ്യുടെ അസ്ഥിക്ക് പൊട്ടലുള്ളതായി കാണപ്പെടുകയായിരുന്നു. ഇടത് കൈക്ക് പ്ലാസ്റ്ററിടുകയും മരുന്നും നല്‍കി വയോധികയെ പറഞ്ഞു വിട്ടു.
കൈയ്ക്ക് അസഹ്യമായ വേദനയെ തുടര്‍ന്ന് ഖദീജ വീണ്ടും ജൂലൈ നാലിന് മെഡിക്കല്‍ കോളേജ് ഒ.പി.വിഭാഗത്തിലെ അസ്ഥിരോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധന നടത്തി പ്ലാസ്റ്ററിട്ട ഇടത് കൈ വീണ്ടും പ്ലാസ്റ്ററ്റിട്ട് ടൈറ്റ് ചെയ്ത ശേഷം പറഞ്ഞു വിടുകയായിരുന്നു. എന്നിട്ടും ഖദീജയുടെ കൈയ്യിലെ വേദനക്ക് കുറവുണ്ടായില്ല.
11-ാം തീയ്യതി വീണ്ടും വ്യദ്ധ മെഡിക്കല്‍ കോളേജ് അസ്ഥി വിഭാഗത്തില്‍ ചികിത്സ തേടി എത്തി. വീണ്ടും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇടത് കൈയ്യുടെ എക്‌സറെ എടുക്കുകയും നേരത്തേ ഇട്ട പ്ലാസ്റ്ററിന് മുകളില്‍ വീണ്ടും പ്ലാസ്റ്ററിടുകയും ചെയ്ത ശേഷം ഖദീജയെ പറഞ്ഞ് വിടുകയും ചെയ്തു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഖദീജയുടെ കൈയ്യുടെ വേദനക്ക് കുറവില്ലായിരുന്നു. വീണ്ടും ഖദീജ ജൂലൈ 25ന് അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സ തേടി എത്തി. പതിനൊന്നാം തീയ്യതി എടുത്ത എക്‌സറെ വീണ്ടും ഡോക്ടര്‍ പരിശോധന നടത്തിയപ്പോഴാണ് നേരത്തേ ഇടത് കൈക്ക് ഇട്ട പ്ലാസ്റ്റര്‍ ശരിയായ വിധത്തിലല്ല ഇട്ടതെന്ന് രോഗിയെ അറിയിക്കുന്നത്. ഇരുപത്തിനാല് ദിവസം മുന്‍പ് ഇടത് കൈയ്യിലിട്ട പ്ലാസ്റ്റര്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയും പിന്നീട് വീണ്ടും യഥാവിധി പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. അസ്ഥി വിഭാഗത്തിലെ അനാസ്ഥ കാരണം 24 ദിവസമാണ് ഖദീജ ദുരിതമനുഭവിച്ചത്.
മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്മൂലം മാതാവ് വേദനയും, ദുരിതവും അനുഭവിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ കെ.പി.അബ്ദുല്‍ റഷീദ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ഡി.എം.ഒ, മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതിനല്‍കി.