കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ സ്വദേശിയായ സൈനികന് പൂർണ ബഹുമതികളോടെ വിടനൽകി നാട്
മാനന്തവാടി : കഴിഞ്ഞ ദിവസം പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫര്‍ (39) ന്റെ മൃതദേഹം സൈനീക ബഹുമതികള്‍ക്ക് ശേഷം ഖബറടക്കി.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിച്ച ഭൗതീക ശരീരം ഏഴരയോടെ തലപ്പുഴ ജുമാ മസ്ജിദ് അങ്കണത്തിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. നാട്ടിലെ പൊതു സമ്മതനും വിശാല സൗഹൃദ വലയത്തിനുടമയുമായ ജാഫറിനെ അവസാനമായി ഒരു നോക്കു കാണാന്‍ നൂറ് കണിക്കിനാളുകളാണ് ഒഴുകിയെത്തിയത്.
തുടര്‍ന്ന് എട്ടരയോടെ 122 ഐ എന്‍ എഫ് ബറ്റാലിയന്‍ (ടി എ) മദ്രാസിന്റെ നേതൃത്വത്തില്‍ സൈനിക ബഹുമതികള്‍ അര്‍പ്പിച്ചു. സുബൈദാര്‍ വിനോദ് , നായ്ബ് സുബൈദാര്‍ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സൈനീക സംഘം രണ്ട് തവണ ആകാശത്തേക്ക് നിറയൊഴിച്ചു. തുടര്‍ന്ന് പരേതന്റെ ഭാര്യക്ക് ദേശീയ പതാക കൈമാറി.
വിവിധ സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍, വിമുക്ത ഭടന്‍മാരുടെ കൂട്ടായ്മകള്‍, ജില്ലാ ഭരണകൂട പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പോലീസ് തുടങ്ങിയവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം മയ്യത്ത് നിസ്‌കാരം നടത്തുകയും ഒമ്പതേ മുക്കാലോടെ ഖബറടക്കുകയും ചെയ്തു.