മേപ്പാടിയിൽ ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം : നാലു പേര്‍ പിടിയില്‍
മേപ്പാടി : മേപ്പാടി വിത്ത്കാട്ടിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്താനുള്ള ശ്രമത്തിനിടെ നാല് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. മേപ്പാടി സ്വദേശികളായ ചന്തക്കുന്ന് മഹേശ്വരൻ (19), മലയിൽ വപീഷ് (21), പാറക്കുന്ന് നിഖിൽ (20), മലപ്പുറം എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരെയാണ് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചർ അരവിന്ദാക്ഷൻ തണ്ടേത്ത്പാറയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
ജൂലൈ 23 ന് രാത്രി എട്ടുമണിയോടെ വിത്ത്കാട്ടിൽ നിന്ന് ചന്ദനമരം മുറിക്കുമ്പോഴാണ് മുഹമ്മദ് ബിലാലൊഴിച്ചുള്ള മറ്റ് മൂന്ന് പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിന് രണ്ടുദിവസംമുമ്പ് വിത്ത്കാട്ടിൽ ചന്ദനമരം മുറിച്ചിട്ടത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുറിച്ചിട്ട മരം കൊണ്ടുപോകാൻ പ്രതികളെത്തുമെന്നറിയാവുന്നതിനാൽ നിരീക്ഷണം ശക്തമാക്കി ഉദ്യോഗസ്ഥർ കാത്തു നിൽക്കുമ്പോഴാണ് ഞായറാഴ്ച രാത്രി പ്രതികൾ കാട്ടിലെത്തുന്നത്. രണ്ടാമത്തെ ചന്ദനമരം മുറിക്കുമ്പോൾ ഉദ്യോഗസ്ഥരെ കണ്ട് ചിതറിയോടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
മുഹമ്മദ് ബിലാലിന് വേണ്ടിയായിരുന്നു മറ്റ് പ്രതികൾ ചന്ദനമരം മുറിച്ചത്. ഹോട്ടൽ തൊഴിലാളിയായ ബിലാലും മഹേശ്വരനും മുൻപരിചയമുണ്ടായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ ബിലാലിനെ തിങ്കളാഴ്ചയാണ് അറസ്റ്റുചെയ്തത്.
മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി. ഹരിലാൽ തുടർനടപടികൾ സ്വീകരിച്ചു. ഇന്നലെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.