പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് : തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടൽ – കെ.കെ.ഏബ്രഹാം
പുൽപ്പള്ളി : സഹകരണ ബാങ്ക് വായ്പയുടെ പേരിൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് വായ്പ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ.ഏബ്രഹാം ആരോപിച്ചു. തന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി 3000 വായ്പകളിലായി 74 കോടി രൂപ വായ്പ നൽകിയിരുന്നു. ഇതിൽ ചില വായ്പകളുടെ പേരിലാണ് ആരോപണം നിലനിൽക്കുന്നത്.
കേളക്കവലയിലെ രാജേന്ദ്രൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ട്. പറമ്പക്കാട്ട് ഡാനിയേലിന് കർണാടകയിൽ ഇഞ്ചിക്കൃഷി നടത്താൻ പണം എവിടെനിന്നു കിട്ടിയെന്നും അന്വേഷിക്കണം. നീതിപൂർവമായ അന്വേഷണം ഇക്കാര്യങ്ങളിലുണ്ടാവണം. തന്റെ കൈകൾ ശുദ്ധമാണെന്നും നീതിപീഠത്തെ വിശ്വാസമാണെന്നും കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.ജോയി, ശ്രീജി ജോസഫ്, കെ.വി.ക്ലീറ്റസ്, ബേബി സുകുമാരൻ, ഷഫീർ പഴേരി, ജിനു ജോസഫ്, സജി പെരുമ്പിൽ, വിജയൻ തോമ്പ്രക്കുടി, ആന്റണി ചോലിക്കര, ഷിനോജ് കളപ്പുര, എം.വി.രാജൻ, സുലൈമാൻ, ബിനീഷ് മാനന്തവാടി എന്നിവർ സംസാരിച്ചു.