പോക്സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റിൽ
മേപ്പാടി : വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ പെരുമാറിയ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കായിക അധ്യാപകനായ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി.എം ജോണി (50) യെയാണ് മേപ്പാടി പോലീസ് ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം സ്‌ക്കൂള്‍ വിട്ടതിന് ശേഷം അഞ്ചോളം വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് മേപ്പാടി പോലീസ് സ്റ്റേഷനില്‍ എത്തി പോലീസ് ഇന്‍സ്പെക്ടറെ നേരിട്ട് കണ്ട് പരാതി പറയുകയായിരുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്നറിയാന്‍ ബാക്കിയുള്ള കുട്ടികളുടെ മൊഴികള്‍ കൂടെ എടുക്കുമെന്നും സ്‌ക്കൂളില്‍ മറ്റ് കുട്ടികള്‍ക്ക് ഈ അധ്യാപകന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പരാതിയുണ്ടോ എന്നറിയാന്‍ സ്‌ക്കൂളില്‍ ഒരു കൗണ്‍സിലിംഗ് നടത്തുവാനും പദ്ധതിയുള്ളതായി പോലീസ് അറിയിച്ചു.
ഇയാള്‍ മുന്‍പും കോഴിക്കോട് ജില്ലയില്‍ കസബ പോലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.