കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും 25000 രൂപ വീതം പിഴയും വിധിച്ചു
കല്‍പ്പറ്റ : തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് 2016 ഫെബ്രുവരിയില്‍ അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.എ ജോസഫും സംഘവും ചേര്‍ന്ന് പിടികൂടിയ കഞ്ചാവു കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു.
അന്നത്തെ മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കൃഷ്ണകുമാര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച 2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായ കണ്ണൂര്‍ ഇരിട്ടി കീഴൂര്‍ ചവശ്ശേരി സ്വദേശികളായി പുതുപ്പള്ളി വീട്ടില്‍ ജാന്‍സണ്‍ കെ ജെ ( 45), പുരയില്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (50) എന്നിവരെയാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി രണ്ടു വര്‍ഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചത്.
അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സെക്കന്റ് അനില്‍ കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലര്‍ച്ചെ ബസ്സില്‍ 2 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ ആയിരുന്നു എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. കേസ്സിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.