കരിമ്പുമ്മലിൽ 700 വാഴകൾ നിലംപൊത്തി : കർഷകൻ ദുരിതത്തിൽ
പനമരം : കാലവർഷം ശക്തിപ്രാപിച്ചതോടെ കെടുതികളും രൂക്ഷമാവുന്നു. പനമരം കരിമ്പുമ്മൽ പെട്രോൾ പമ്പിന് പുറകിലെ വയലിൽ കൃഷിയിറക്കിയ മൂപ്പെത്താറായ 700 വാഴകൾ ഒറ്റരാത്രി കൊണ്ട് നിലംപൊത്തി. കമ്പളക്കാട് ചേനോത്ത് മൊയ്തുവിന്റെ വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്.
എരനെല്ലൂർ ഇ.ഡി രാമകൃഷ്ണ ഗൗഡറുടെ മകളുടെ ആറ് ഏക്കർ വയൽ പാട്ടത്തിനെടുത്താണ് മൊയ്തു ഇക്കുറി കൃഷിയിറക്കിയത്. ഇതിൽ ഒന്നര ഏക്കറിലെ ഒന്നരമാസം കൊണ്ട് വിളവെടുക്കാറായ 1500 ൽ 700 നേന്ത്രവാഴകളാണ് വ്യാഴാഴ്ച പുലർച്ചെയോടെ നിലംപൊത്തിയത്. ശേഷിക്കുന്നവ ഒടിഞ്ഞുതൂങ്ങിയ അവസ്ഥയിലാണ്. മഴകനത്താൽ ഇവയും നിലംപൊത്തുമെന്ന നിലയിലാണ്. കാറ്റിൽ വീഴാതിരിക്കാൻ കുത്ത് കൊടുത്തും കയറുംകമ്പിയും കൊണ്ട് കെട്ടി സംരക്ഷിച്ച വാഴകളാണിത്.
സമീപത്തായി അഞ്ചും, രണ്ടുംമാസം പ്രായംചെന്ന വാഴകൾ നട്ടിട്ടുണ്ട്. ഇതിൽ അഞ്ച്മാസം പ്രായമുള്ള 3500 ഓളം വാഴകൾക്കും ഇലകരിയൽ രോഗം ബാധിച്ചിരിക്കുകയാണ്. ബാങ്കിൽ നിന്നും വായ്പയെടുത്തും മറ്റുമായിരുന്നു കൃഷിയിറക്കിയത്. എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചതോടെ മൊയ്തു നിസ്സഹായനായി മാറിയിരിക്കുകയാണ്. രണ്ടരലക്ഷം രൂപയോളം നഷ്ടമുണ്ടായതായി മൊയ്തു പറഞ്ഞു.
20 വർഷമായി കൃഷിയെമാത്രം ആശ്രയിച്ചാണ് മൊയ്തു ഉപജീവനം കണ്ടെത്തുന്നത്. കർണാടക ഉൻസൂർ ഗതികയിൽ അഞ്ച് ഏക്കറിൽ ഉണ്ടായിരുന്ന മൊയ്തുവിന്റെ ഇഞ്ചിക്കൃഷി കൊവിഡ് കാലത്ത് പാടെ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഇതിൽ നിന്നും കരകയറാനായി പനമരത്തിറക്കിയ വാഴക്കൃഷിയും നശിച്ചതോടെ ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണിപ്പോൾ. 15 വർഷം മുമ്പും മൊയ്തുവിന് പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം ഉണ്ടായിരുന്നു. അന്ന് 1500 ഓളം വാഴകളാണ് നിലംപൊത്തിയത്.
ചിത്രം : കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നിലംപൊത്തിയ മൊയ്തുവിന്റെ വാഴക്കൃഷി.