May 11, 2025

നേതാക്കള്‍ക്കെതിരേ കേസ് : കൽപ്പറ്റയിൽ പ്രതിഷേധം തീർത്ത് കോണ്‍ഗ്രസ് മാര്‍ച്ച് 

Share

 

കല്‍പ്പറ്റ : കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.

 

ഇന്ന് രാവിലെ 11 ഓടെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മാര്‍ച്ച് ജില്ലാപോലീസ് മേധാവിയുടെ കാര്യാലയത്തിനു കുറച്ചകലെ ബാരിക്കേഡ് കെട്ടി തടഞ്ഞു.

 

തുടര്‍ന്നു ചേര്‍ന്ന യോഗം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള ഭരണം സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

 

കോവിഡ് കാലത്ത് ജനം ദുരിതം അനുഭവിക്കുമ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍പോലും സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിക്ക് നേതൃത്വം നല്‍കി. എഐ കാമറയില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നത്. കെ ഫോണ്‍ പദ്ധതിക്ക് ഐഎസ്‌ഐ മുദ്രയുള്ള ഇന്ത്യന്‍ കേബിളിനുപകരം ഗുണമേന്‍മ കുറഞ്ഞ ചൈനീസ് കേബിളാണ് എത്തിച്ചത്. ഇതിലൂടെ അനേകം കോടി രൂപയുടെ അഴിമതി നടന്നു. അഴിമതികള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്.

 

അഴിമതികള്‍ക്കെതിരേ കെ. സുധാകരനും വി.ഡി. സതീശനും ശബ്ദിച്ചു. ഇതിലുള്ള വിരോധമാണ് അവര്‍ക്കെതിരായ കേസുകള്‍ക്കു പിന്നില്‍. നിരപരാധികളെ കേസുകളില്‍ കുടുക്കുന്നതു അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.

 

ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, പി.കെ. ജയലക്ഷമി, കെ.എല്‍. പൗലോസ്, കെ.കെ. വിശ്വനാഥന്‍, പി.പി. ആലി, ടി.ജെ. ഐസക്, എന്‍.കെ.വര്‍ഗീസ്, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശേരി മാധവന്‍, ബിനു തോമസ്, ഡി.പി. രാജശേഖരന്‍, എന്‍.എം. വിജയന്‍, എം.ജി. ബിജു, പി.കെ. അബ്ദുറഹ്മാന്‍, പി. ശോഭനകുമാരി, എന്‍.സി . കൃഷ്ണകുമാര്‍, പി.എം. സുധാകരന്‍, ജി. വിജയമ്മ, ചിന്നമ്മ ജോസ്, എടക്കല്‍ മോഹനന്‍, നജീബ് കരണി, മോയിന്‍ കടവന്‍, പി.വി. ജോര്‍ജ്, ആര്‍. രാജേഷ് കുമാര്‍, എച്ച്.ബി. പ്രദീപ്, പോള്‍സണ്‍ കൂവക്കല്‍, എ.എം. നിഷാന്ത്, വര്‍ഗീസ് മൂരിയന്‍കാവില്‍, കെ.ആര്‍. സാജന്‍, ബി.സുരേഷ് ബാബു, ജിന്‍സണ്‍ തൂപ്പുംകര, നിസി അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.