കൈതക്കലിലെ ജനവാസ മേഖലയിൽ നിന്നും പിന്മാറാതെ മൂന്ന് കാട്ടാനകൾ : ബൈക്ക് തകർത്തു ; ജാഗ്രത നിർദ്ദേശം
പനമരം : തിങ്കളാഴ്ച പുലർച്ചെ പനമരം ടൗണിനടുത്ത കൈതക്കലിലെ ജനവാസ കേന്ദ്രങ്ങളിലെ സ്വകാര്യ തോട്ടങ്ങളിൽ നിലയുറപ്പിച്ച മൂന്ന് കാട്ടാനകൾ രാത്രി വൈകിയും കാടുകയറിയില്ല. ആനകളെ തുരത്താൻ വനപാപാലകർ കണിഞ്ഞു ശ്രമിച്ചിട്ടും ആനകൾ പിന്മാറിയില്ല. ഇതോടെ പ്രദേശത്ത് വനപാലകർ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. രാവിലെ പുറത്തിറങ്ങുന്നവർ ശ്രദ്ധ പുലർത്തേണ്ടതാണ്.
കൈതക്കലിലെ ജനവാസ മേഖലയിലാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. വൈകുന്നേരം പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും കാട്ടാനകളെ തുരത്തിയെങ്കിലും ജനവാസ മേഖല വിടാൻ കൂട്ടാക്കാതെ ആനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു ബൈക്ക് തകർത്തു. കൂടാതെ ഒട്ടേറെ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.