September 20, 2024

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ; വയനാട്ടിൽ എസ്.പി.സി.എ പ്രവര്‍ത്തനം ശക്തമാക്കും

1 min read
Share

 

കൽപ്പറ്റ : മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു അനിമല്‍സ് ) കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശമനുസരിച്ചുള്ള പുതിയ കമ്മിറ്റി രൂപീകരിക്കും. സൊസൈറ്റിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും അംഗത്വം നല്‍കും. ഇതിനായി ജൂലൈ 25 വരെ ജില്ലയില്‍ അംഗത്വ കാമ്ബയിന്‍ നടത്തും.

 

അംഗത്വം ലഭിക്കുന്നതിന് 100 രൂപ പ്രവേശന ഫീസും ഒരു വര്‍ഷത്തേക്ക് 200 രൂപയുമാണ് അംഗത്വഫീസ്. ആജീവനാന്ത അംഗത്വത്തിന് 10000 രൂപയുമാണ് ഫീസ് നല്‍കേണ്ടത്. എല്ലാ മൃഗാശുപത്രിയിലും ജില്ലാ പഞ്ചായത്തിലും അംഗത്വത്തിനുള്ള അപേക്ഷാ ഫോം ലഭിക്കും. പരമാവധി അംഗങ്ങളെ ചേര്‍ത്ത ശേഷം പുതിയ കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കോ-ചെയര്‍മാനുമാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൊസൈറ്റിക്ക് ശക്തമായ നടപടി സ്വീകരിക്കാന്‍ സാധിക്കും. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ഒരു സ്ഥിരം ഓഫീസ് സംവിധാനമൊരുക്കും. മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ സമിതിയില്‍ ഉള്‍പ്പെടുത്തും.

 

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജയരാജ്, ജില്ലാ പഞ്ചായത്ത് എഫ്.ഒ സുനില, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി എന്‍.കെ. അലി അസ്ഹര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറി കെ.എം. സൈനുദ്ധീന്‍, സി.എച്ച്‌. സ്റ്റാന്‍ലി, ബിനു ജോര്‍ജ്ജ്, സലീം കടവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.