രാജ്യത്ത് ചെരിപ്പിന് ഗുണനിലവാര മാനദണ്ഡങ്ങള്‍ ജൂലൈ ഒന്നു മുതല്‍ നിർബന്ധം
ചെരിപ്പിന് ഗുണനിലവാര മാനദണ്ഡങ്ങള്‍ ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാക്കിത്തുടങ്ങും. നിലവാരമില്ലാത്ത ചെരിപ്പുനിര്‍മാണ സാമഗ്രികള്‍ ചൈനയില്‍നിന്നും മറ്റും ഇറക്കുന്നത് തടയാനെന്ന പേരിലാണിത്. 24 ഇനം ചെരിപ്പ്-അനുബന്ധ ഉല്‍പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ ചെറുകിട-വൻകിട നിര്‍മാതാക്കള്‍ അടുത്തമാസം ഒന്നുമുതല്‍ പാലിക്കേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) വ്യക്തമാക്കി.
അതേസമയം, ചെറുകിട വിഭാഗക്കാര്‍ക്ക് അടുത്ത ജനുവരി ഒന്നുവരെ സാവകാശം കിട്ടും. തുകല്‍, പി.വി.സി, റബര്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഇനം ഏതായിരിക്കണമെന്ന് ബി.ഐ.എസ് വ്യവസ്ഥചെയ്തിട്ടുണ്ട്. സോള്‍, ഹീല്‍ തുടങ്ങിയവയുടെ നിര്‍മാണ മാനദണ്ഡങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. പി.വി.സി സാൻഡല്‍, റബര്‍ ഹവായ്, സ്ലിപ്പര്‍, പ്ലാസ്റ്റിക്, സ്പോര്‍ട്സ് ചെരിപ്പുകള്‍, ഷൂ തുടങ്ങിയവക്ക് മാനദണ്ഡങ്ങള്‍ ബാധകം. ആറു മാസത്തിനകം പട്ടിക വിപുലപ്പെടുത്തി 54 ഇനങ്ങള്‍ കൊണ്ടുവരും.