ബാങ്ക് വായ്പാ തട്ടിപ്പ് : കോൺഗ്രസ് നേതാവ് കെ.കെ.എബ്രഹാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
പുല്‍പ്പള്ളി : സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.എബ്രഹാം റിമാന്‍ഡില്‍. ബുധനാഴ്ച രാത്രി റിമാന്‍ഡിലായ ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി.രമാദേവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അബ്രഹാമിനെ മാനന്തവാടി ജില്ലാ ജയിലിലേക്കാണ് സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തത്. ഇതേ കോടതിയാണ് രമാദേവിയുടെ ജാമ്യാപേക്ഷ തള്ളിയത്.
രണ്ടു കേസുകളിലാണ് എബ്രഹാമിന്റെ അറസ്റ്റ്. പുല്‍പ്പള്ളിയിലെ ഡാനിയേല്‍ – സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ 2022 ഒക്‌ടോബറില്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസുകളില്‍ ഒന്ന്. കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരെ(55) ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നതാണ് രണ്ടാമത്തേത്. രാജേന്ദ്രന്‍ നായരുടെ മകന്റെ പരാതിയിലാണ് ആത്മഹത്യ പ്രേരണയ്ക്കു കേസ്. ഡാനിയേല്‍ – സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ രജിസ്റ്റര്‍ കേസിലാണ് രമാദേവിക്കെതിരം നടപടി. ഇവരുടെ പേരില്‍ ആത്മഹത്യ പ്രേരണയ്ക്കു കേസെടുത്തിട്ടില്ല. അനുവദിച്ച വായ്പ തുക നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ഡാനിയേല്‍ – സാറാക്കുട്ടി ദമ്പതികളുടെ പരാതി. പുല്‍പ്പള്ളി സ്വദേശി കൊല്ലപ്പള്ളി സജീവനും ഈ കേസില്‍ പ്രതിയാണ്. വഞ്ചന അടക്കം കുറ്റങ്ങള്‍ക്കാണ് മൂവര്‍ക്കുമെതിരേ കേസ്.
രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ നിന്നാണ് അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട അബ്രഹാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മെച്ചപ്പെടാത്ത സാഹചര്യത്തില്‍ പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കും ഉച്ചകഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ചികിത്സയിലിരിക്കെ എബ്രഹാമിനെ പുല്‍പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ രാത്രി വൈകി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റുചെയ്തത്. ഇന്നു പുലര്‍ച്ചെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ച എബ്രഹാമിനെ രാവിലെ എട്ടരയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചെങ്കിലും കേസ് ഓപ്പണ്‍ കോര്‍ട്ടിലാണ് കേട്ടത്. അബ്രഹാമിനെതിരായ കേസിനൊപ്പമാണ് രമാദേവിയുടെ ജാമ്യാപേക്ഷയും പരിഗണിച്ചത്. അബ്രഹാമിനുവേണ്ടി ബത്തേരി ബാറിലെ ടി.വി.അരുണും രമാദേവിക്കുവേണ്ടി കല്‍പറ്റ ബാറിലെ പി.ബി.വിനോദ്കുമാറും ഹാജരായി. 2022ല്‍ രജിസ്റ്റര്‍ ചെയ്തതാണ് അബഹാമിന്റെ അറസ്റ്റിനു കാരണമായ കേസുകളില്‍ ഒന്നെന്നു അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ കേസിനെക്കുറിച്ചു തന്റെ കക്ഷി അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ അഭിഭാഷകന്‍ ആത്മഹത്യ പ്രേരണക്കുറ്റത്തിനു കേസെടുത്തതില്‍ അനൗചിത്യം ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും വാദിച്ചു. എന്നാല്‍ പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ ഇടപാടുകളുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിനും ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയും രാജേന്ദ്രന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസും ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ജാമ്യം നിഷേധിക്കണമെന്നുമാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത്. പോലീസ് നടപടിയെ ചോദ്യം ചെയ്തായിരുന്നു അഡ്വ.പി.ബി.വിനോദ് കുമാറിന്റെ വാദം.
പ്രതിഭാഗം വാദം കേട്ട കോടതി കേസുകളിലെ നടപടിക്രമങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച് മറ്റു കേസുകള്‍ കേട്ടു. ഇതിനുശേഷം ചേംബറിലേക്ക് പോയ മജിസ്‌ട്രേറ്റ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ വിശദമായി പരിശോധിച്ചശേഷമാണ് ജാമ്യപേക്ഷകള്‍ തള്ളിയത്. മജിസ്‌ട്രേറ്റ് പി. നൂറുന്നിസ ആരാഞ്ഞപ്പോള്‍ രോഗങ്ങള്‍ അലട്ടുന്നുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തതെന്നും അബ്രഹാം പറഞ്ഞു.
കേസുകളെ നിയമപരമായി നേരിടുമെന്നും ജാമ്യത്തിനു മേല്‍ക്കോടതിയെ സമീപിക്കുമെന്നും കോടതി വളപ്പില്‍ അബ്രഹാം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അബ്രഹാം ഹൈക്കോടതിയിലും രമേദേവി ജില്ലാ കോടതിയിലും അടുത്ത ദിവസം ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.