വായ്പ തട്ടിപ്പു കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിനെ കോടതിയിൽ ഹാജരാക്കി
പുൽപ്പള്ളി : സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം അറസ്റ്റിൽ.
ശാരീരിക അസ്വാസ്ത്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദേഹത്തിന്റെ അറസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് പോലീസ് രേഖപ്പെടുത്തിയത്.
രാത്രി 10.30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചന, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച അദ്ദേഹത്തെ രാവിലെ കോടതിയിലേക്ക് കൊണ്ടുപോയി. ബാങ്കിൽ വായ്പ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവരെ അറസ്റ്റ് ചെയ്തത്. രമാദേവി റിമാന്റിലാണ്. രാജേന്ദ്രൻ നായരുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് കെ.കെ എബ്രഹാമിനെ ഹാജരാക്കിയത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ എബ്രഹാം പ്രതികരിച്ചു. ചികിത്സയിലായിരുന്ന തന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും തനിക്ക് ഒന്നും ഒളിച്ചുെവക്കാനില്ലെന്നും കെ.കെ എബ്രഹാം പറഞ്ഞു.