മാനന്തവാടിൽ ഇടിമിന്നലേറ്റ് ഫ്രിഡ്ജിന് തീപിടിച്ച് പൊട്ടിത്തെറിച്ചു
മാനന്തവാടി : ഇടിമിന്നലേറ്റ് ഫ്രിഡ്ജിന് തീപിടിച്ച് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. മാനന്തവാടി കല്ലിയോട്ടുകുന്നിലെ മുരിങ്ങേക്കല്‍ ബഷീറിന്റെ വീടാണ് കത്തി നശിച്ചത്.
സീലിംഗും, മറ്റ് ഗൃഹോപകരണങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. ഇടിമിന്നലേറ്റ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വീടിന് മുകളില്‍ ആസ്പറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുന്നതും പുക ഉയരുകയും ചെയ്തപ്പോഴാണ് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചത് അയല്‍വാസികള്‍ അറിയുന്നത്. ഉടന്‍ നാട്ടുകാര്‍ വീട്ടില്‍ എത്തിയെങ്കിലും അപ്പോഴേക്കും തീപടര്‍ന്നിരുന്നു. വീടിനകത്ത് പുക നിറഞ്ഞതിനാല്‍ ഓടിയെത്തിയ നാട്ടുകാര്‍ക്ക് ഉടന്‍ ഒന്നും ചെയ്യാനായില്ല.
വീടിന്റെ വൈദ്യുതി കണക്ഷന്‍ വേര്‍പെടുത്തി വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഗൃഹോപകരണങ്ങളെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
തയ്യല്‍ തൊഴിലാളിയായ ഫാത്തിമ വീട്ടില്‍ തയ്ക്കാനായ് മേടിച്ചു വച്ച സ്‌കൂള്‍യുണിഫോമും, വിവാഹവസ്ത്രങ്ങളും അടക്കം നിരവധിപ്പേരുടെ തുണികളും നശിച്ചു.
അപകടത്തില്‍ വീടിന്റെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി കേടുപാടുകള്‍ വിലയിരുത്തി.