വംശീയ അധിക്ഷേപം : വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് കെ.എസ്.യു
കൽപ്പറ്റ : വയനാട് ആദിവാസി മേഖലയാണെന്നും അതിനാൽ സയൻസ് ബാച്ച് വയനാട് ജില്ലയ്ക്ക് ആവശ്യമില്ല എന്നുള്ള വയനാടൻ ജനതയെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള വിവാദപരമായ പ്രസ്താവന നടത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് കെ.എസ്.യു പ്രവർത്തകർ.
ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ സയൻസ് ബാച്ചിൽ പഠിക്കേണ്ട എന്നുള്ള മന്ത്രിയുടെ നിലപാട് അംഗീകരിച്ചു പോകാൻ കഴിയില്ല. എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ആവശ്യമായ കോഴ്സുകൾ എടുത്ത് പഠിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നുള്ളത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തമാണ്. ഏറെക്കാലമായി മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിലെ പ്ലസ് വൺ സീറ്റുകൾ വളരെ കുറവാണെന്നിരിക്കെ, ആവശ്യമായ സീറ്റുകൾ വർധിപ്പിക്കുന്നതിന് പകരം ആദിവാസി മേഖല ആയതിനാൽ സയൻസ് ബാച്ചുകൾ അനുവദിക്കേണ്ട എന്നുള്ള മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് മന്ത്രിയുടെ കോലം കത്തിച്ചത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ്, സ്റ്റെൽജിൻ ജോൺ, അൻസിൽ വൈത്തിരി, ഋതു കരടാൻ, രോഹിത് ശശി, അനന്തപത്മനാഭൻ, മെൽ എലിസബത്ത് തുടങ്ങിയവർ നേതൃത്വം നൽകി.