September 20, 2024

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ; എന്റെ കേരളം മെഗാപ്രദര്‍ശന വിപണനമേള ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റയില്‍

1 min read
Share

 

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം – മെഗാ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റയില്‍ നടക്കും. ഏപ്രില്‍ 24 മുതല്‍ 30 വരെ എസ്.കെ. എം.ജെ ഹൈസ്‌ക്കൂള്‍ മൈതാനത്ത് നടക്കുന്ന മേളയില്‍ വിവിധ വകുപ്പുകളുടെ നൂറോളം സ്റ്റാളുകള്‍ അണിനിരക്കും. യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്നതാണ് മേളയുടെ തീമുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം കൈവരിച്ച മികവുകളും നേട്ടങ്ങളും പ്രദര്‍ശന വിപണന മേളയില്‍ അവതരിപ്പിക്കും. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് എന്റെ കേരളം മേള നടത്തുന്നത്.

 

സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍, വ്യവസായ വകുപ്പിന് കീഴിലെ സംരംഭക യൂണിറ്റുകള്‍, കുടുംബശ്രീ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുളള ക്ലിനിക്കുകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനം, ടൂറിസം പവലിയന്‍, കിഫ്ബി സ്റ്റാള്‍, കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയ എന്നിവ മേളയുടെ ആകര്‍ഷണമാകും. എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാസംഘങ്ങളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

 

പുതുമയുള്ളതും വേറിട്ടതുമായ രീതിയില്‍ വാര്‍ഷികാഘോഷം വിപുലമായി നടത്താന്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം എന്‍.ഐ ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു , ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യ രക്ഷാധികാരിയും എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു കണ്‍വീനറുമായ മുഖ്യ സംഘടക സമിതിയുടെ ഭാഗമായി ഒമ്പത് സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കും


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.