രാഹുലിനെ അയോഗ്യനാക്കിയതിൽ ആളിക്കത്തി പ്രതിഷേധം : കൽപ്പറ്റയിൽ നൂറുകണക്കിന് പ്രവർത്തകരുടെ നൈറ്റ് മാർച്ച്
കല്‍പ്പറ്റ: എം.പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ വന്‍ പങ്കാളിത്തം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ നയിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു യുവജനങ്ങള്‍ തീപ്പന്തങ്ങളുമായി അണിനിരന്നു. കേന്ദ്ര ഭരണത്തിനെതിരെ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ മുഴങ്ങി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് രാത്രി എട്ടരയോടെ ആരംഭിച്ച മാര്‍ച്ചിന് പുതിയ സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം.
ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞ സവര്‍ക്കറുടെയല്ല, രാജ്യത്തിന് വേണ്ടി ചിന്നിച്ചിതറിയ രാജീവിന്റെ രക്തമാണ് രാഹുലിന്റ സിരകളിലൊഴുകുന്നതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം അയോഗ്യമാക്കി പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റയില്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ തിരക്കഥയില്‍ പൊട്ടിപ്പോകുന്ന കുമിളയല്ല കോണ്‍ഗ്രസ് പ്രസ്ഥാനമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷന്‍, റിയാസ് മുക്കോളി, കെ.എം.അഭിജിത്, ഷാജി പാച്ചേനി, കെ.ഇ.വിനയന്‍, ആര്‍.ഷഹിന്‍, അമല്‍ജോയ്, കെ.എം.ഇന്ദ്രജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.