രാഹുൽ ഗാന്ധിയുടെ അയോഗ്യതാ ഉത്തരവ് : കൽപ്പറ്റയിൽ കോണ്‍ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു
കൽപ്പറ്റ : രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്‍പ്പറ്റയില്‍ വൻ പ്രതിഷേധം. നഗരത്തിൽ നുറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന് ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടക്കുകയാണ്.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചൻ്റെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദിഖ് എം.എൽ.എയുടെയും കെ.പി.സി.സിജനറൽ സെക്രട്ടറി കെ.കെ. അബ്രാഹിമിൻ്റെയും എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മിയുടെയും നേതൃത്വത്തിൽ കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പുതിയബസ്റ്റാന്റ് ചുറ്റി ടെലഫോണ്‍ എക്‌സിചേഞ്ചിന് മുമ്പില്‍ സമാപിക്കും. തുടര്‍ന്ന് ടെലഫോണ്‍ എക്‌സിചേഞ്ചിന് മുമ്പില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന, ജില്ലാനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ രാഹുല്‍ഗാന്ധി എം.പിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഹീനമായ ശ്രമത്തിനെതിരെ ജില്ലയിലെ പ്രതിഷേധം കനക്കുകയാണ്.