യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സിയുടെ ബ്രേക്ക് പോയി : ബസ് റോഡരികിലേക്ക് ഇടിച്ചിറക്കി ഡ്രൈവർ ; ഒഴിവായത് വൻ ദുരന്തം
മാനന്തവാടി : കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനോദൈര്യത്താൽ വൻദുരന്തം ഒഴിവായി. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവർ ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ബ്രേക്കിംഗ് സംവിധാനം തകരാറിലായ ബസ് റോഡരികിലേക്ക് ഇടിച്ചിറക്കി നിർത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ മാനന്തവാടിയിൽ നിന്നും കൽപ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന സംസ്ഥാന പാതയിലെ മൊക്കത്ത് നിന്നും ബസ്സിൽ ആളെ കയറ്റി മുന്നോട്ട് പോകവെ റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് സംവിധാനം നഷ്ടമായകാര്യം ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നിൽ കുത്തനെയുള്ള ഇറക്കമാണ്. അതിനാൽ ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്നത് ഉറപ്പാണ്. ഉടനെ ഗണേശ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ബസ്സിടിച്ച് ഇറക്കുകയായിരുന്നു. ഇതോടെ ബസ്സ് നിന്നു വൻദുരന്തം ഒഴിവായി.
ബസ്സില്‍ നിറയെ യാത്രികരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. തുടർന്ന് യാത്രക്കാരെ മറ്റ് വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. ഡ്രൈവറുടെ മനഃസാന്നിധ്യം കൊണ്ട് അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍. എന്നാൽ ബസ്സുകളുടെ കാര്യക്ഷമത യഥാസമയം പരിശോധിക്കാത്തതാണ് കുഴപ്പമെന്ന ആരോപണവും ഉയരുന്നുണ്ട്.
ചിത്രം : മാനന്തവാടി – കൽപ്പറ്റ സംസ്ഥാന പാതയിലെ മൊക്കത്ത് അപകടം ഒഴിവാക്കാനായി കെ.എസ്.ആർ.ടി.സി ബസ് മണ്‍തിട്ടയിലേക്ക് ഇടിച്ചു നിർത്തിയപ്പോൾ.