സംസ്ഥാനത്ത് റെക്കാഡ് വിലയിൽ സ്വർണം ; ആദ്യമായി 43000 രൂപയും കടന്ന് മുന്നോട്ട്
സംസ്ഥാനത്ത് റെക്കാഡ് വിലയിൽ സ്വർണം. ഇതാദ്യമായി ഒരു പവൻ സ്വർണം 43000 രൂപ ഭേദിച്ച് ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഇന്ന് 43040 രൂപയ്ക്കാണ് ഒരു പവൻ 22കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം 200 രൂപയാണ് ഒരു പവന് വർദ്ധിച്ചത്.
കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു പവൻ വില. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സ്വർണവില 42,880 രൂപയിലെത്തിയിരുന്നു. ഈ റെക്കാഡാണ് ഇന്നത്തെ വർദ്ധനവോടെ സ്വർണം തിരുത്തിയത്.
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാം വില 5380 രൂപയായി ഉയർന്നു. അമേരിക്കയിൽ ബാങ്കുകളിലടക്കം സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം ദൃശ്യമായതുൾപ്പടെയുള്ള അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതാവസ്ഥയാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിൽ നിക്ഷേപം വർദ്ധിക്കുന്നതും വിലവർദ്ധനവിന് കാരണമായി.
മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ 47000 രൂപയെങ്കിലും കൊടുത്താലേ ഒരു പവൻ സ്വർണാഭരണം ജുവലറിയിൽ നിന്നും വാങ്ങാനാകൂ. അതേസമയം പഴയ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യും.