വയനാട് ജില്ലാ കളക്ടറായി രേണു രാജ് ചുമതലയേറ്റു
കല്‍പ്പറ്റ : വയനാട് ജില്ലാ കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. കലക്ടറേറ്റ് ജീവനക്കാര്‍ പുതിയ കലക്ടര്‍ക്ക് സ്വീകരണം നല്‍കി. എറണാകുളം കലക്ടറായിരുന്ന രേണു രാജിന് ബ്രഹ്മപുരം മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം ലഭിച്ചത്.
സ്ഥലം മാറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തില്‍ കലക്ടറെന്നെ നിലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാടിന്റെ കലക്ടറായി ചുമതലയേല്‍ക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. വയനാടിനായി ഒരുമിച്ച് മുന്നേറാം -കലക്ടര്‍ പറഞ്ഞു.
വയനാട് കലക്ടറായിരുന്ന എ. ഗീതയെ കോഴിക്കോട്ടേക്കാണ് മാറ്റിയത്. ഇവര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതു കൂടാതെ, തൃശ്ശൂര്‍ കലക്ടറായിരുന്ന ഹരിത വി. കുമാറിനെ ആലപ്പുഴ കലക്ടറായും, ആലപ്പുഴ കലക്ടറായിരുന്ന വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കലക്ടറായും നിയമിച്ചു. എന്‍.എസ്.കെ. ഉമേഷാണ് എറണാകുളം കലക്ടര്‍.