വയനാട്ടുകാർക്ക് ആശ്വാസം : വാഹനാപകടങ്ങളിൽ കോഴിക്കോട്ടേക്ക് റഫർ ചെയ്യുന്നതിന് പരിഹാരമാവുന്നു : കൽപറ്റ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ യൂണിറ്റ് എത്തുന്നു
കൽപ്പറ്റ : വാഹനാപകടക്കേസുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതിന് പരിഹാരമായി കൽപറ്റ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണയൂണിറ്റ് വരുന്നു. അമ്പതുകിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിനായി 23.75 കോടി രൂപ അനുവദിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ. വാർത്താക്കുറിപ്പിലൂടെയും ആശുപത്രിവികസനസമിതി കൺവീനർ സി.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിലൂടെയും അറിയിച്ചു.
ഒന്നരവർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് സി.കെ. ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ആശുപത്രിവികസനസമിതി ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകിയിരുന്നു.
നിലവിൽ സൗകര്യമില്ലാത്തതിനാൽ പുതിയ കെട്ടിടം പണിയേണ്ടിവരും. ജനറൽ ആശുപത്രിയിൽ കാത്ത്‌ലാബ്, മാനസികാരോഗ്യ കേന്ദ്രം, അമ്മയും കുഞ്ഞും ആശുപത്രി, നെഫ്രോളജി വിഭാഗം ഡയാലിസിസ് യൂണിറ്റ് എന്നിവ തുടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.കെ. ശശീന്ദ്രൻ പറഞ്ഞു.
ആശുപത്രിയിൽ 250 കിടക്കകൾക്കുള്ള സൗകര്യമുണ്ട്. 118 എണ്ണം മാത്രമാണ് നിലവിലുള്ളത്. കിടക്കകളുടെ എണ്ണം 250 ആക്കി ഉയർത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കണം. അസ്ഥി, ത്വക്ക് രോഗ വിഭാഗം അനുവദിച്ച് സ്ഥിരംഡോക്ടർമാരെ നിയമിക്കണം.
ആശുപത്രിവികസനത്തിന് കൂടുതൽ സ്ഥലം കണ്ടെത്തുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടാതെ, ആശുപത്രിയിൽനിന്ന് മാറ്റിയ മെഡിക്കൽ കൺസൽട്ടന്റ് തസ്തികയും ഡീ അഡിക്‌ഷൻ യൂണിറ്റും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. കമ്മിറ്റി ചെയർമാൻ സണ്ണി ചെറിയതോട്ടത്തിൽ, ട്രഷറർ വി ഹാരിസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.