പാചകവാതക വിലവർദ്ധനവ്: യൂത്ത്ലീഗ് നിലവിളി സമരം നടത്തി
കൽപ്പറ്റ: കോവിഡ് കാലത്ത് വെട്ടി ചുരുക്കിയ പാചക വാതക സബ്‌സിഡി കേന്ദ്രം പുനസ്ഥാപിക്കാത്തത്തിലും അടിക്കടി വില കൂട്ടുന്നതിനും പിന്നിൽ കോർപറേറ്റു പ്രീണനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ പ്രസ്താവിച്ചു. പാചക വാതക വില വർദ്ധനവിൽ പ്രധിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിലവിളി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
കോർപറേറ്റുകൾക്കു നൽകുന്ന കോടികളുടെ ഇളവ് മൂലം നഷ്ടമാകുന്ന പണം സബ്‌സിഡി വെട്ടിചുരിക്കിയാണ് നികത്തുന്നത്. പാചകവാതകത്തിന് കൃത്യമായി സബ്സിഡി നൽകുകയാണെങ്കിൽ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡി കേന്ദ്രം നൽകുന്നില്ല. സബ്സിഡി നിർത്തിയിട്ടില്ലെന്ന് കേന്ദ്രം പാർലമെന്റിൽ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്സിഡിപണം എത്താത്ത സ്ഥിതിയാണ്. പാചക വാതക വിലവർധന മൂലം ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്.
ജില്ല മുസ്ലിം യൂത്ത്ലീഗ് പ്രസിഡൻ്റ് എം.പി.നവാസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ആരിഫ് തണലോട്ട് പ്രധിഷേധ കവിത ആലപിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് സി.എച്ച് ഫസൽ, ട്രഷറർ ഉവൈസ് എടവെട്ടൻ, സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ: എ.പി.മുസ്തഫ, ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, ഷമീം പാറക്കണ്ടി, നിയോജക മണ്ഡലം ഭാരവാഹികളായ സി.ടി ഹുനൈസ്, സമദ് കണ്ണിയൻ, സി.കെ മുസ്തഫ ജില്ലാ എം.എസ്.എഫ് പ്രസിഡൻ്റ് റിൻഷാദ് മില്ല് മുക്ക്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ എന്നിവർ സംസാരിച്ചു.