മാനന്തവാടി – കണ്ണൂർ നാലുവരിപ്പാത ; 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് അനുമതി
തലപ്പുഴ : കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട മാനന്തവാടി – ബോയ്സ്ടൗൺ – പാൽച്ചുരം – മട്ടന്നൂർ നാലുവരിപ്പാത നിർമാണത്തിന് പച്ചക്കൊടി. പാതയ്ക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് സർക്കാർ അനുമതി ലഭിച്ചു. ഇതോടെ വയനാട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാവുമെന്നാണ് പ്രതീക്ഷ.
മാനന്തവാടി മുതൽ അമ്പായത്തോടുവരെ രണ്ടുവരിയും അവിടെനിന്ന് വിമാനത്താവളംവരെ നാലുവരിയിലും പാത നിർമിക്കാനാണ് പദ്ധതി. നിലവിൽ അമ്പായത്തോടുമുതൽ മട്ടന്നൂർവരെയുള്ള നാലുവരിപ്പാതയ്ക്കാവശ്യമായ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ പാതയുടെ സർവേയും അതിരുകല്ല് സ്ഥാപിക്കുന്ന നടപടിയും ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. കേളകം, പേരാവൂർ, മാലൂർ പഞ്ചായത്തുകളിലെ സമാന്തര റോഡുകളിലെ അതിരുകല്ല് സ്ഥാപിക്കുന്ന പ്രവൃത്തികൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. മലയോരഹൈവേ പദ്ധതിയുടെ ഭാഗമായി മാനന്തവാടിമുതൽ ബോയ്സ് ടൗൺവരെ നിലവിൽ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇത് രണ്ടുവരിപ്പാതയായി മാറുമെന്നല്ലാതെ ഇനി ഭാഗത്ത് നാലുവരിപ്പാതയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പുതിയ പ്രവർത്തനങ്ങൾ ഉണ്ടാകില്ല. മാനന്തവാടി-പാൽച്ചുരം- മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരിപ്പാതയാക്കി മാറ്റാനുള്ള നടപടി കേരള റോഡ്ഫണ്ട് ബോർഡ് നേരത്തേ തുടങ്ങിയിരുന്നു. എന്നാൽ, സർക്കാർ അനുമതി വൈകിയതോടെ പദ്ധതി ഇതുവരെ അനിശ്ചിതത്വത്തിലായിരുന്നു.
ഭൂമിയേറ്റെടുക്കാനാവശ്യമായ അനുമതി ലഭ്യമായതോടെ തുടർനടപടികൾ വേഗത്തിലാക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് കണ്ണൂർ അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത് പറഞ്ഞു.
മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുടെ ഭാഗമായി പാൽച്ചുരത്തിൽ രണ്ടുവരിയായാണ് റോഡ് നിർമിക്കുന്നത്. പാൽച്ചുരം റോഡ് വീതികൂട്ടാനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങും. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ഉരുൾപൊട്ടലും പാറയിടിച്ചിലും കാരണം തകർന്നുതരിപ്പണമായിരുന്ന പാൽച്ചുരം റോഡ് മാസങ്ങൾക്കുമുമ്പാണ് താത്കാലികമായി ഗതാഗതയോഗ്യമാക്കിയത്.
പാൽച്ചുരം റോഡ് 69.10 ലക്ഷംരൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. എന്നാൽ തകർന്ന പാൽച്ചുരം റോഡിനെ പൂർണാവസ്ഥയിലാക്കാൻ ഇതുകൊണ്ട് കഴിഞ്ഞിട്ടില്ല. കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതകൂടിയാണിത്.
പാർശ്വഭാഗങ്ങൾ ഇടിഞ്ഞ സ്ഥലങ്ങളിൽ മുളകൊണ്ടുള്ള സുരക്ഷാവേലി മാത്രമാണ് ഇപ്പോഴത്തെ സുരക്ഷ. റോഡിന്റെ വീതികുറവും ശോച്യാവസ്ഥയും കാരണം ചരക്കുലോറികൾ കുടുങ്ങുന്നതും അപകടത്തിൽപ്പെടുന്നതും ഇവിടെ നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് പാൽച്ചുരത്തിലൂടെ വാഹനവുമായി ഡ്രൈവർമാർ യാത്രചെയ്യുന്നത്.
എല്ലാ മഴക്കാലത്തും പാൽച്ചുരത്തിൽ പാറയിടിഞ്ഞ് റോഡിലേക്കുവീഴുന്നത് കാരണം ഗതാഗതതടസ്സമുണ്ടാകുന്നതും പതിവാണ്. കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മറ്റൊരു പാതയായ പേര്യച്ചുരം കഴിഞ്ഞ മഴക്കാലത്ത് തകർന്നിരുന്നു. ഇതുവഴിയും ആഴ്ചകളോളം ഗതാഗതം നിർത്തിവെച്ചിരുന്നു.
പേര്യച്ചുരവും താത്കാലികമായി മാത്രമാണ് നിലവിൽ നന്നാക്കിയത്. പാൽച്ചുരം രണ്ടുവരിയായി വികസിപ്പിക്കുന്നതോടെ ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കപ്പെടും.