പാപ്ലശ്ശേരിയിൽ കടുവയെ കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി
പുൽപ്പള്ളി : കടുവയെ കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി. സൗത്ത് വയനാട് വനംഡിവിഷനിലെ ഇരുളം സ്റ്റേഷന്‍ പരിധിയിലെ പാപ്ലശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.രണ്ടു ദിവസത്തിലധികം പഴക്കം മതിക്കുന്ന ജഡമാണ് കണ്ടെത്തിയത്.
മോട്ടോറില്‍ നിന്നു വെള്ളം കയറാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വനപാലകർ സ്ഥലത്തെത്തി ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് കുപ്പാടിയിലെ ലാബോറട്ടറിയിലേക്ക് മാറ്റി.
കാടിറങ്ങിയ കടുവ ഇരയെ പിന്തുടരുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. വീടിനു കുറച്ചകലെ ഇറക്കത്തിലാണ് ഏകദേശം മൂന്നടി ഉയരത്തില്‍ ആള്‍മറയുള്ള കിണര്‍. വെള്ളം പമ്പുചെയ്യുന്നതിനായി കിണറ്റില്‍ ഇറക്കിയ പൈപ്പ് കടുവ കടിച്ചുതകര്‍ത്ത നിലയിലാണ്.