ക്ഷീരകർഷകർക്ക് കൗ ലിഫ്റ്റിംഗ് സഹായവുമായി പനമരം ബ്ലോക്ക് പഞ്ചായത്ത്
നടവയൽ : ക്ഷീരകർഷകർക്ക് കൗ ലിഫ്റ്റിംഗ് സഹായവുമായി പനമരം ബ്ലോക്ക് പഞ്ചായത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് കൗലിഫ്റ്റിംഗ് മെഷീൻ വിതരണം. കാൽസ്യത്തിന്റെ അഭാവവും മറ്റുംമൂലം കിടപ്പിലാകുന്ന പശുക്കളെയും മറ്റു മൃഗങ്ങളെയും ചികിത്സയ്ക്ക് വേണ്ടി ഉയർത്തുന്നതിന് സഹായിക്കുന്ന ഉപകരണമാണ് കൗലിഫ്റ്റിംഗ് മെഷീൻ. അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപ്പഞ്ചായത്തുകളിലെയും മൃഗാശുപത്രികൾ മുഖേന കൗലിഫ്റ്റിംഗ് മെഷീൻ വിതരണത്തിന് സജ്ജമാക്കിയിരിക്കുന്നത്.
കൗ ലിഫ്റ്റിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം നടവയൽ ക്ഷീരസംഘം ഹാളിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ നടവയൽ ക്ഷീരസംഘം പ്രസിഡണ്ട് ബിജു ആൻഡ്രൂസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ മേഴ്സി സാബു, കമലരാമൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ മേഴ്സി ബെന്നി, നിത്യ ബിജുകുമാർ, ബ്ലോക്ക് അംഗങ്ങളായ അന്നക്കുട്ടി ജോസ്, ഇ.കെ ബാലകൃഷ്ണൻ, ലൗലി ഷാജു, രജനി ചന്ദ്രൻ, കലേഷ് സത്യാലയം, വാർഡംഗം ബി.എം സരിത, ക്ഷീരസംഘം പ്രസിഡന്റുമാരായ ബേബി തുരുത്തിയിൽ, റോസിലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് ഡി.എഫ്.ഐ നവീൻ രാജ് പള്ളിക്കുന്ന്, സീനിയർ വെറ്റിനറി സർജൻ ഡോക്ടർ കെ.എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : കൗ ലിഫ്റ്റിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ നിർവഹിക്കുന്നു.