ബാവലിയിൽ ഓട്ടോയിൽ കടത്തിയ കര്‍ണ്ണാടക നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റിൽ
ബാവലി: 17.28 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മിത മദ്യവുമായി ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എച്ച്.ഡി കോട്ട ബാവലി വില്ലേജിലെ പാറയൂര്‍ വീട്ടില്‍ മഹേഷ് (25) ആണ് അറസ്റ്റിലായത്. മദ്യം കടത്താനുപയോഗിച്ച നാലുചക്ര ഓട്ടോറിക്ഷയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് ടീമിന്റെ സഹകരണത്തോടെ ശനിയാഴ്ച 11.30 ഓടെ നടത്തിയ പരിശോധനയിലാണ് മഹേഷ് പിടിയിലായത്. കാട്ടിക്കുളം കേന്ദ്രീകരിച്ച് വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മദ്യമായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരുകദാസ്, സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ വി.കെ. സുരേഷ്, കെ.എസ്. സനൂപ്, ഹാഷിം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.