ചെക്പോസ്റ്റിലെ പരിശോധന മറികടന്ന് എം.ഡി.എം.എ.യും മയക്കുഗുളികകളും കടത്തിയ മൂന്നുപേർകൂടി അറസ്റ്റിൽ
കൽപ്പറ്റ : എം.ഡി.എം.എ.യും മയക്കുഗുളികകളും പിടികൂടിയ സംഭവത്തിൽ മൂന്നുപേർകൂടി അറസ്റ്റിൽ. മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷാഫി (35), മുട്ടിൽ പരിയാരം എറമ്പൻ വീട്ടിൽ അൻഷാദ് (27), താഴെമുട്ടിൽ കാവിലപ്പറമ്പ് വീട്ടിൽ സാജിത (40) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കുഞ്ഞിരായിൻകണ്ടി വീട്ടിൽ ഷഫീഖിനെ (37) പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു.
എമിലി- ഭജനമഠം റോഡിൽ വാഹനപരിശോധനയ്ക്കിടെ പോലീസിനെക്കണ്ട് കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷഫീഖ് അറസ്റ്റിലായത്. 46.9 ഗ്രാം എം.ഡി.എം.എ.യും 17.5 ഗ്രാമിന്റെ 29 മയക്കുഗുളികകളുമാണ് പിടിച്ചെടുത്തത്. ഷഫീഖിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിൽ കൂടുതൽ പേരുണ്ടെന്ന് വ്യക്തമായത്.
നാലുപേരും ഒരുമിച്ചാണ് ബെംഗളൂരുവിലേക്ക് കാറിൽ പോയി മയക്കുമരുന്ന് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. മുത്തങ്ങ ചെക്പോസ്റ്റിലെ പരിശോധന മറികടക്കാനായി സംഘം ഗുണ്ടൽപേട്ടയിൽനിന്ന് ഗൂഡല്ലൂർ വഴിയാണ് സുൽത്താൻ ബത്തേരിയിൽ എത്തിയത്. മുഹമ്മദ് ഷാഫിക്ക് എമിലിയിൽ വാടകവീടുമുണ്ട്. ഈ വീട്ടിലേക്ക് മയക്കുമരുന്നുമായി പോകുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി ഷഫീഖ് പോലീസിന്റെ പിടിയിൽ ആവുന്നത്. ബെംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങാൻ മുഹമ്മദ് ഷാഫിയാണ് പണം മുടക്കിയതെന്നും പോലീസ് പറഞ്ഞു. കല്പറ്റ ഇൻസ്പെക്ടർ പി.എൽ. ഷൈജു, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.