വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ. ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർക്ക് നിവേദനം നൽകിയതായി ബന്ധുക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൈതക്കൽ സ്വദേശി സാലിമയ്ക്കാണ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും, ഡി.എം.ഒ.യ്ക്കുമാണ് നിവേദനം നൽകിയത്.
അഞ്ചുമാസം ഗർഭിണിയായ യുവതിയുടെ മൂന്നാമത്തെ പ്രസവം ആയതിനാൽതന്നെ മെഡിക്കൽ കോളേജിലെ ഡോക്ടർ സ്വകാര്യപരിശീലനം നടത്തുന്ന വീട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. അവിടെനിന്ന് സാലിമയെ ഡോക്ടർ മടക്കിയയച്ചു.
തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി ഔട്ട് പേഷ്യന്റ് ചീട്ട് എടുത്ത് നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സിക്കുന്ന മറ്റ് രണ്ട് ഡോക്ടർമാരെയും കാണിച്ചു. കേസ് കുഴപ്പിക്കുന്നതാണെന്നും തങ്ങൾക്ക് ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു ഡോക്ടർമാരുടെ മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ സാലിമ ചികിത്സ തേടി.
സാലിമയുടെ ഭർത്താവ് ഷാനവാസ്, സാമൂഹിക പ്രവർത്തകരായ കബീർ മാനന്തവാടി, യു. ഇസ്ഹാഖ്, മുസ്തഫ പാണ്ടിക്കടവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.