കൽപ്പറ്റയിൽ എംഡിഎംഎയും, മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ
കൽപ്പറ്റയിൽ എംഡിഎംഎയും, മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായീന്‍കണ്ടി വീട്ടില്‍ ഷഫീഖ് (37) ആണ് പിടിയിലായത്.
കല്‍പ്പറ്റ എമിലി – ഭജനമഠം റോഡില്‍ പരിശോധന നടത്തുന്ന പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വലിച്ചെറിഞ്ഞ പൊതിയിൽ കവറിലായി സൂക്ഷിച്ച 46.9 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും, 17.5 ഗ്രാം ( 29 എണ്ണം ) മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇയാള്‍ ഉപയോഗിച്ച കെ.എല്‍ 52 ജി 6545 കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെയ്സണ്‍, മുബാറക്, സഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്‍രാജ്, മനോജ് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.