റോഡ് നവീകരണത്തിനിടെ പൈപ്പ് പൊട്ടി : നാല് മാസത്തോളമായി കുടിവെള്ളമില്ലാതെ അഞ്ചുകുന്ന് ശുദ്ധജലവിതരണ പദ്ധതിക്ക് കീഴിലെ 150 ഓളം കുടുംബങ്ങൾ
അഞ്ചുകുന്ന് : റോഡ് നവീകരണത്തിനിടെ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി നാല് മാസത്തോളമായി കുടിവെള്ളമില്ലാതെ 150 ഓളം കുടുംബങ്ങൾ ദുരിതത്തിലായിട്ടും അധികൃതർക്ക് നിസ്സംഗത. പനമരം പഞ്ചായത്തിലെ അഞ്ചുകുന്ന് ശുദ്ധജലവിതരണ പദ്ധതിയുടെ കീഴിൽ വരുന്ന പാലുകുന്ന്, കൊളത്താറ, പുതൂർക്കുന്ന്, വാകയാട് പ്രദേശങ്ങളിലെ 200 ഓളം കടുംബങ്ങളാണ് വെള്ളം ലഭിക്കാതെ ദുരിതത്തിലായത്. റീബിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണം നടത്തുന്ന പാലുകുന്ന് – കീഞ്ഞുകടവ് – പനമരം റോഡ് പ്രവൃത്തിക്കിടെയാണ് പൈപ്പുകൾ തകർന്നത്.
റോഡ് നവീകരണത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നത്. ഇതോടെയാണ് കുടിവെള്ളം മുടങ്ങി പ്രദേശവാസികൾ ദുരിതത്തിലായത്. പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുകുന്ന് എസ്.എൽ.ഇ.സി ഓഫീസ്, പഞ്ചായത്ത് കാരാറുകാരൻ, ജില്ലാ കളക്ടർ എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പൈപ്പുകൾ മാറ്റുന്നതിന് പഞ്ചായത്തിൽ ഒരു മാസം മുൻപ് ഫണ്ട് എത്തിയെങ്കിലും വേണ്ട നടപടി ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
2014 മുതൽ പൈപ്പ് ലൈൻ വഴിയെത്തുന്ന കുടിവെള്ളം മുടങ്ങിയതോടെ പുതൂർക്കുന്ന് കോളനിക്കാരാണ് കൂടുതൽ ദുരിതം നേരിടുന്നത്. ഇവിടുത്തെ 40 ഓളം കുടുംബങ്ങൾ ഇപ്പോൾ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. കോളനിയിൽ മൂന്നു കിണറുകൾ ഉണ്ടെങ്കിലും ഒന്ന് പാടെ വറ്റിപോയി. മറ്റൊന്ന് മൂടി പോയി. ഒരു കിണറിൽ വെള്ളം ഉണ്ടെങ്കിലും റിംഗ് ഇടിഞ്ഞും താഴ്ന്നും വെള്ളം ഉപയോഗ ശൂന്യവുമായി കിടക്കുകയാണ്. ഇതോടെ പുതൂർക്കുന്ന് ആദിവാസി കോളനിക്കാർക്ക് ഏക ആശ്രയം പൈപ്പ് ലൈനുകളായിരുന്നു.
പാലുകുന്ന്, കൊളത്താറ, വാകയാട് പ്രദേശങ്ങളിലും വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇവിടെയും പൈപ്പ് ലൈനുകളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ ദുരിതം പേറുകയാണ്. കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നുമാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ളമെത്തിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കാത്തപക്ഷം അടുത്ത ആഴ്ച മുതൽ പനമരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ റിലേ സത്യഗ്രഹം ആരംഭിക്കാൻ പാലുകുന്ന്, കൊളത്താറ ജലനിധി സമിതി പ്രവർത്തയോഗം തിരുമാനിച്ചു. യോഗത്തിൽ മാധവൻ കൊളത്താറ, ബാലകൃഷ്ണൻ പാലുകുന്ന്, പ്രകാശൻ പാലുകുന്ന്, പത്മനാഭൻ കൊളത്താറ എന്നിവർ സംസാരിച്ചു.
ചിത്രം : കുടിവെള്ളം ശേഖരിക്കാനായി പോവുന്ന പുതൂർക്കുന്ന് കോളനിക്കാർ