എട്ടുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ കണ്ട് കൊതി തീർന്നില്ല : അവൻ ആത്മഹത്യചെയ്യില്ല ; വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം
കൽപ്പറ്റ: “വിവാഹംകഴിഞ്ഞ് എട്ടുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്, പ്രസവിച്ചിട്ട് മൂന്നുദിവസമായിട്ടേയുള്ളൂ, അവൻ കുഞ്ഞിനെ ശരിക്കൊന്ന് കണ്ടിട്ടുപോലുമില്ല. വളരെ സന്തോഷവാനായിരുന്നു അവൻ. അങ്ങനെയൊരാൾ ആത്മഹത്യചെയ്യില്ലെന്ന് ഉറപ്പാണ്. മരണത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികളിൽപ്പോലും ദുരൂഹതയുണ്ട്…” -കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപത്ത് തൂങ്ങിമരിച്ച കല്പറ്റ അഡ് ലൈഡ് പാറവയൽ കോളനിയിലെ വിശ്വനാഥന്റെ സഹോദരൻ ഗോപി പറയുന്നു. മോഷ്ടാവെന്ന മുദ്രകുത്തി ആൾക്കൂട്ടം മർദിച്ചതിനെത്തുടർന്നാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
എന്നാൽ, മരണത്തിൽ ദുരൂഹതയില്ലെന്നാണ് മെഡിക്കൽ കോളേജ് പോലീസ് പറയുന്നത്. ആരും വിശ്വനാഥനെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല. ‘മോഷ്ടിക്കാൻ വേണ്ടി നടക്കുന്ന ആളാണോ’യെന്ന് രോഗികൾക്കൊപ്പം വന്നവരിൽ ചിലർ സംശയമുന്നയിച്ചിരുന്നെങ്കിലും ആരും മർദിച്ചിട്ടില്ല. ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ആൾക്കൂട്ടം ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ബന്ധുക്കളും അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ആശുപത്രിയിലെ സുരക്ഷാജീവനക്കാർക്കെതിരേയാണ് ബന്ധുക്കൾ പരാതി നൽകിയത്. സുരക്ഷാജീവനക്കാർ പ്രവേശനകവാടത്തിൽവെച്ച് ചോദ്യംചെയ്യുന്നതും കാണുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്നാണ് ഉള്ളതെന്നും മെഡിക്കൽ കോളേജ് എ.സി.പി. കെ. സുദർശൻ വിശദീകരിച്ചു.
അതേസമയം, ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെത്തിയപ്പോൾ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.