തുര്‍ക്കിയേയും സിറിയയേയും കണ്ണീരിലാക്കി ഭൂകമ്പം : മരിച്ചവരുടെ എണ്ണം 4,300 ആയി; മരണസംഖ്യ 20,000 കടന്നേക്കുമെന്ന് റിപ്പോർട്ട്
തുര്‍ക്കി : തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 4300-ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നൂറുക്കണക്കിനാളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും 11,000-ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച പുലര്‍ച്ചെ 4.17-നാണ് (ഇന്ത്യന്‍ സമയം രാവിലെ 6.47) അതിശക്തമായ, ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പതിനൊന്നുവര്‍ഷത്തിലേറെയായി യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നവരാണ് സിറിയക്കാര്‍. പക്ഷേ, ഭൂകമ്പം യുദ്ധത്തേക്കാള്‍ ഭീകരമാണെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഭൂകമ്പമുണ്ടാകുമ്പോള്‍ ആളുകള്‍ ഉറക്കമായിരുന്നത് ദുരന്തത്തിന്റെ തീവ്രതയേറ്റി. തുര്‍ക്കിയില്‍മാത്രം 1500-ഓളം പേര്‍ മരിച്ചെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. 7600-ഓളം പേര്‍ക്ക് പരിക്കേറ്റു. 3,000 കെട്ടിടങ്ങള്‍ നിലംപതിച്ചെന്നും അവശിഷ്ടങ്ങള്‍ നീക്കുമ്പോള്‍ മരണസംഖ്യ എത്രയാകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളില്‍ കൊടുംതണുപ്പുള്ള സമയംകൂടിയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആശുപത്രികളും ചരിത്രസ്മാരകങ്ങളുമുള്‍പ്പെടെ നൂറുകണക്കിനു കെട്ടിടങ്ങളാണ് നിലംപൊത്തിയത്. ഒട്ടേറെപ്പേര്‍ ഇവയ്ക്കടിയില്‍ കുടുങ്ങിയിട്ടുള്ളതിനാല്‍ മരണസംഖ്യ കുത്തനെ ഉയരാം. 1939-ല്‍ 33,000 പേരുടെ മരണത്തിനിടയാക്കിയ എര്‍സിങ്കന്‍ ഭൂകമ്പത്തിനുശേഷം തുര്‍ക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ദുരന്തനിവാരണസംഘവും മെഡിക്കല്‍സംഘവും ഉടന്‍ തുര്‍ക്കിയില്‍ എത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ദുരന്തത്തില്‍ ഇന്ത്യ ദുഃഖം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ തുര്‍ക്കി എംബസി സന്ദര്‍ശിച്ച മന്ത്രി മുരളീധരന്‍ തുര്‍ക്കിജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയറിയിച്ചു.
ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാസഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. തുര്‍ക്കിക്കും സിറിയക്കും അന്താരാഷ്ട്ര സംഘടനകളും 45 രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.