മേപ്പാടിയിൽ നാലു വയസ്സുകാരനെ വെട്ടിക്കൊന്ന കേസ് : അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു
മേപ്പാടി: നാലുവയസ്സുകാരൻ ആദിദേവിന്റെ കൊലപാതകത്തിന്റെ അന്വേഷണം പൂർത്തിയാക്കി കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2022 നവംബർ പതിനേഴിനാണ് നത്തംകുനി പാറക്കൽ വീട്ടിൽ ജയപ്രകാശ്-അനില ദമ്പതിമാരുടെ നാലുവയസ്സുകാരനായ മകൻ ആദിദേവിനെ അയൽവാസിയും അച്ഛന്റെ സുഹൃത്തുമായ ജിതേഷ് (45) വെട്ടിക്കൊന്നത്. കുട്ടിയുടെ അച്ഛനമ്മമാരുമായുള്ള വഴക്കിന് പ്രതികാരമായിട്ടാണ് കൊലപാതകം.
സംഭവത്തിൽ അമ്മ അനിലയ്ക്കും ഗുരുതരപരിക്കേറ്റിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുനൂറോളം ആളുകളെ ചോദ്യംചെയ്തു. ഫോണിൽനിന്ന് ‘കുട്ടിയെ കൊന്ന് മാതാപിതാക്കളോട് പകരം ചോദിക്കും’ എന്ന് പ്രതിപറയുന്ന വോയ്‌സ് ക്ലിപ്പും പ്രതിയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്ത മരണപ്പെട്ട കുട്ടിയുടെ രക്തത്തുള്ളികളും നിർണായക തെളിവുകളാകും.
ഫൊറൻസിക്, വോയ്‌സ് കമ്പാരിസൺ, ഡി.എൻ.എ. പ്രൊഫൈലിങ് എന്നിവ അടക്കമുള്ള ശാസ്ത്രീയത്തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
സംഭവം നടന്ന് 81-ാം ദിവസമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മേപ്പാടി സി.ഐ. എ.ബി. വിപിനാണ് അന്വേഷണോദ്യോഗസ്ഥൻ. മേപ്പാടി എസ്.ഐ. സിറാജ്, എസ്.സി.പി.ഒ.മാരായ നജീബ്, മുജീബ്, നൗഫൽ, പ്രശാന്ത്, ഷബീർ, ഗിരിജ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.