നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ജില്ലാതല പ്രസംഗ മത്സരം 24 ന്
കൽപ്പറ്റ : കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് പ്രസംഗ മത്സരം നടത്തും. ജനുവരി 24 ന് 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്കാണ് ജില്ലാ തലത്തില്‍ മത്സരം സംഘടിപ്പിക്കുക.
പ്രസംഗത്തിനായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. നാല് മിനുട്ട് സമയമാണ് അനുവദിക്കുക. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും.
ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍ ഓണ്‍ലൈനായിരിക്കും തുടര്‍ന്ന് സംസ്ഥാനതല മത്സരത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ഒന്നാമതെത്തുന്ന വ്യക്തിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാനും അവസരം ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാരുമായോ ബന്ധപ്പെടണം.