നീർവാരം വാളമ്പാടിയിൽ പശുവിനെ കൊന്നത് കടുവയെന്ന് വനം വകുപ്പ്
പനമരം : നീർവാരം വാളമ്പാടിയിൽ പശുവിനെ ആക്രമിച്ചു കൊന്നത് കടുവയെന്ന് വനം വകുപ്പ് സ്ഥിരീകരണം. വാളമ്പാടി നടുവിൽ മുറ്റം കുഞ്ഞിരാമന്റെ രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് ബുധനാഴ്ച പുലർച്ചെ ആക്രമിച്ച് കൊന്നത്. വനത്തിനുള്ളിലെ ഗ്രാമമായ വാളമ്പാടിയിലെ കുഞ്ഞിരാമന്റെ വീടിന് സമീപത്തെ വയലിൽ കെട്ടിയ പശുവിന് നേരെയായിരുന്നു ആക്രമണം. വളർത്തു നായകൾ ഒച്ചവച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുൽപ്പള്ളി സെക്ഷനിലെ വനപാലകരും പനമരം പോലീസും സ്ഥലത്തെത്തി. കടുവയാണ് ആക്രമിച്ചതെന്ന് വനപാലക സംഘം സ്ഥിരീകരിച്ചു. നഷ്ടപരിഹാരം ഉറപ്പു നൽകിയതോടെയാണ് പശുവിന്റെ ജഢം മറമാടിയത്.
പനമരം ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാളമ്പാടി. നീർവാരം ഹയർ സെക്കൻഡറി സ്കൂളിന് പുറകിലുള്ള പുൽപ്പള്ളി ഫോറസ്റ്റ് സെക്ഷന് ഉള്ളിലാണ് വാളമ്പാടി കോളനി ഉള്ളത്. ഇവിടെ 25 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. ഇവരെ വനത്തിൽ നിന്നും മാറ്റി താമസിപ്പിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. രണ്ടു മാസം മുമ്പ് വാളമ്പാടിക്ക് സമീപത്തെ നഞ്ചറമൂലയിലും കടുവയിറങ്ങിയിരുന്നു. പോത്തിനെ ആക്രമിച്ചു കൊല്ലുകയും ചെയ്തിരുന്നു.
വനാതിർത്തി ഗ്രാമങ്ങളായ നീർവാരം, ദാസനക്കര, പുഞ്ചവയൽ, അമ്മാനി, കൂടൽക്കടവ് ഭാഗങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. കാട്ടാന, കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങിയവ കാടിറങ്ങി കാർഷിക വിളകൾ ഉൾപ്പെടെ നശിപ്പിക്കുന്നത് നിത്യസംഭവമാണ്.