കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം : കളക്ടര്‍ക്കെതിരെ കേസ് കൊടുത്ത് സുഹൃത്ത്; തോമസിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരവും മകന് താല്‍ക്കാലിക ജോലിയും നല്‍കും
മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മകന് താത്കാലിക ജോലി നല്‍കാന്‍ തീരുമാനമായി. മകന് സ്ഥിര ജോലിക്കുള്ള ശുപാര്‍ശ മന്ത്രിസഭക്ക് നല്‍കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ.ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായത്.
നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൊടുക്കും. 40 ലക്ഷം കൂടി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. കടുവയെ പിടിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. അതേസമയം തോമസിന്‍റെ സുഹൃത്തായ കര്‍ഷകന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡനും കലക്ടര്‍ക്കും എതിരെ തോമസിന്‍റെ സുഹൃത്തായ ജോണ്‍ പി.എ തോണ്ടയാട് ആണ് പരാതി നല്‍കിയത്. വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥകാട്ടിയെന്നും അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
വയനാട് ജില്ലാ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രമ്യാ രാഘവന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ നോവല്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, വയനാട് കലക്ടര്‍ക്ക് എ.ഗീത എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും അതിനാല്‍ ഐ.പി.സി 304, 34 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
നാലാം പ്രതിയായ കലക്ടര്‍ മനുഷ്യ ജീവന് ഭീഷണിയും മനുഷ്യനെ കൊലപ്പെടുത്തുകയും ചെയ്ത കടുവയെ ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 133(1)(f) പ്രകാരമുള്ള അധികാരമുപയോഗിച്ചുള്ള നടപടികള്‍ സ്വീകരിക്കാതെ കൃത്യ നിര്‍വ്വഹണത്തില്‍ നിന്നും ഒഴിഞ്ഞുമാറിയെന്നും ഇത്തരത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കലക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമാണ് പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ തോമസ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ, ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. തോസിന്റെ മരണത്തിന് പിന്നാലെ, കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വന്‍ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.
കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. ആര്‍ആര്‍ടി സംഘത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കടുവ ഉള്‍വനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.