ബഫർ സോണിന്‍റെ പേരിൽ കുടിയിറങ്ങേണ്ടി വന്നാൽ മരണം വരെ സമരത്തിന് തയ്യാറാകും – എൻ.ഡി. അപ്പച്ചൻ
പനമരം : ബഫർ സോണിന്‍റെ പേരിൽ ഒരാൾ പോലും കുടിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ജീവൻ വെടിഞ്ഞും മരണം വരെ സമരത്തിന് തയ്യാറാകുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിണറായി സർക്കാരിനെതിരെ നടത്തുന്ന കുറ്റവിചാരണ യാത്ര നീർവാരത്ത് ഉദ്‌ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി.ജയരാജൻ മുഖ്യ ആസൂത്രകനായി സി.പി.എം. പാർട്ടി ഫണ്ട് സമാഹരിക്കുന്നതിന്‍റെ ഭാഗമാണ് റിസോർട്ട് ബിനാമി ഇടപാടുകൾ എന്നും, വയനാട്ടിലെ ചില റിസോർട്ടുകളുടെയും ക്വാറികളുടെയും ഇടപാടിൽ ഈ സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കമ്മന മോഹനൻ പതാക ഏറ്റുവാങ്ങി. ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, അഡ്വ. എൻ.കെ. വർഗീസ്, അഡ്വ. എം. വേണുഗോപാൽ, എം.ജി.ബിജു, ചിന്നമ്മ ജോസ്, എ.എം. നിഷാന്ത്, ടി.കെ. മമ്മൂട്ടി, വാസു അമ്മാനി, ബെന്നി അരിഞ്ചേർമല, ലത്തീഫ് ഇമിനാണ്ടി, സാബു നീർവാരം, പി.ഡി.തോമസ്, പി.കെ യൂസഫ്, അനിൽ പനമരം എന്നിവർ സംസാരിച്ചു. ജാഥ വൈകിട്ട് അഞ്ചിന് കെല്ലൂരിൽ സമാപിച്ചു. സമാപന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ജമീല അലിപ്പറ്റ ഉദ്‌ഘാടനം ചെയ്തു.