ആവേശം അവസാന പന്ത് വരെ : ഒടുവിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ 2 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ ശിവം മാവിയുടെ മികവിലാണ് തകര്‍പ്പന്‍ വിജയം ഇന്ത്യ നേടിയത്.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 160 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. ശ്രീലങ്കയ്ക്ക് വേണ്ടി 27 പന്തില്‍ 3 ഫോറും 3 സിക്സും ഉള്‍പ്പടെ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷണകയും 23 റണ്‍സ് നേടിയ കരുണരത്നെയും മാത്രമാണ് തിളങ്ങിയത്. ഹസരങ്ക 10 പന്തില്‍ 21 റണ്‍സ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ശിവം മാവി നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്‍നിരയുടെ തകര്‍ച്ചയിലും ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോര്‍ നേടിയത്. ആറാം വിക്കറ്റില്‍ 68 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ദീപക് ഹൂഡ 23 പന്തില്‍ ഒരു ഫോറും 4 സിക്സും ഉള്‍പ്പെടെ 41 റണ്‍സും അക്ഷര്‍ പട്ടേല്‍ 20 പന്തില്‍ 31 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദിക്ക് പാണ്ഡ്യ 27 പന്തില്‍ 29 റണ്‍സ് നേടി പുറത്തായി.
സഞ്ജു സാംസണ്‍ അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ 7 റണ്‍സ് വീതം നേടി പുറത്തായി. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലെത്തി. ജനുവരി അഞ്ചിന് പൂനെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.