വയോധികന്റെ മരണത്തിൽ ദുരൂഹത: നാട്ടുകാരുടെ സംശയത്തിന് പിന്നാലെ പോസ്റ്റ്മോർട്ടത്തിനയച്ചു
കേസ്സെടുത്ത് പോലീസ്
പനമരം : ആദിവാസി വയോധികന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന നാട്ടുകാരുടെ സംശയത്തെത്തുടർന്ന് മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു. പനമരം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പരക്കുനി കോളനിയിലെ ചിന്നൻ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് ചിന്നൻ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വ്യാഴാഴ്ച സംസ്കാര ചടങ്ങുകൾ നടത്താനിരിക്കെ പരിസരവാസികൾ മരണത്തിൽ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിച്ചു. ഇതോടെ പനമരം പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
വയറു വേദനയെത്തുടർന്ന് ചിന്നനെ ചൊവ്വാഴ്‌ച രാവിലെ പനമരം സി.എച്ച്.സി യിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ ചിന്നനും മകളുടെ ഭർത്താവ് അയ്യപ്പനും തമ്മിൽ പ്രശ്നമുണ്ടായതായി പരിസരവാസികൾ പറയുന്നുണ്ട്. ഇതിനിടെ മർദ്ദനമേറ്റതായി സംശയമുണ്ട്. ആശുപത്രി അധികൃതർ പോസ്റ്റ് മോർട്ടം നടത്താൻ ആവശ്യപ്പെട്ടിട്ടും കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ വിസമ്മദിച്ച് പോസ്റ്റുമോർട്ടം ചെയ്യാതെയായിരുന്നു കൊണ്ടുവന്നത്. ഇതാണ് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.
ഭാര്യ : പരേതയായ കണക്കി. മക്കൾ : ശശി, ശോഭ, ബിജു, സിജു, പരേതരായ ബിന്ദു, സജീവ്. മരുമക്കൾ : കാർത്തിക, അയ്യപ്പൻ, സുധി.