April 1, 2025

വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

Share

 

മാനന്തവാടി : എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് കായക്കൊടി വണ്ണാത്ത വീട്ടില്‍ റാഷിദ് അബ്ദുള്ള (35) യാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തില്‍ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതി പിടിയിലാകുകയായിരുന്നു. പിടിയിലാകുമ്പോൾ പ്രതിയില്‍ നിന്നും ആറ് ഗ്രാമോളം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ക്ലബ് കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടില്‍ അതിക്രമിച്ച് കടന്ന് 12000 രൂപ മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. പ്രതിയില്‍ നിന്നും മോഷ്ടിച്ച തുകയില്‍ അവശേഷിച്ച പതിനായിരത്തോളം രൂപയും തൊണ്ടി മുതലായി കണ്ടെടുത്തു.

 

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, മോഷണകുറ്റത്തിനും, എന്‍.ഡി.പി.എസ് നിയമ പ്രകാരവും 3 കേസുകളെടുത്തു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 2 പോക്‌സോയടക്കം പതിമൂന്നു കേസുകളോളമുണ്ട്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

വിദ്യാര്‍ഥിയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത് മറ്റ് ചില കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വാടക റൂമില്‍ മോഷണം നടന്ന പരാതി ലഭിക്കുന്നത്. അവിടെ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ടിന്റേയും പിന്നില്‍ ഒരാളാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് സി.സി. ടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപിക്കുകയായിരുന്നു.

 

മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം സി.ഐ അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐമാരായ സോബിന്‍, നൗഷാദ്, സാബു, എ.എസ്.ഐമാരായ മെര്‍വിന്‍, സജി, എസ്.സി.പി.ഒമാരായ രാംസണ്‍, ഇബ്രാഹിം, സുശാന്ത്, സെബാസ്റ്റ്യന്‍, അനൂപ്, സി.പി.ഒ മാരായ കൃഷ്ണപ്രസാദ്, ഷാലിന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.