നൂലിൽ കാലു കുടുങ്ങിയ കൊക്കിന് തുണയായി ആയിഷ മോൾ
പനമരം : നൂലിൽ കാലു കുടുങ്ങിയ കൊക്കിന് തുണയായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി. പനമരം മഞ്ചേരി പരക്കുനിയിലെ പൂൽപ്പറമ്പിൽ അലി – സജ്ന ദമ്പതികളുടെ മകൾ ആയിഷ തൻഹനിയയാണ് നൂലിൽ കാലുകുടുങ്ങി മരത്തിനു മുകളിൽ പിടയുന്ന കൊക്കിന് തുണയായത്.
ഉയരമുള്ള മരത്തിന് മുകളിൽ ജീവനായി പിടയുന്ന കൊക്കിനെ കണ്ട ആയിഷ സഹോദരി സന ഫാത്തിമയുടെ സഹായത്തോടെ ഗൂഗിളിൽ നിന്ന് മാനന്തവാടി അഗ്നി രക്ഷാനിലയത്തിലെ നമ്പർ എടുത്ത് വിളിച്ചു. മാനന്തവാടിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിൽ
വി.പി വിനോദ്, വി.ആർ മധു, കെ.ജിതിൻ, ജെ.ധീരജ്, ബിനീഷ് ബേബി, അലക്സാണ്ടർ എന്നിവരടങ്ങുന്ന സംഘം ഉടനെ സംഭവസ്ഥലത്ത് എത്തി കൊക്കിനെ രക്ഷിക്കുകയായിരുന്നു. ഇതുപോലുള്ള കുട്ടികളാണ് നാടിന് മാതൃക ആകേണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.