September 21, 2024

ബഫർസോൺ : വയനാട്ടിലെ മുഴുവൻ കോളേജുകളിലും ഫലവൃക്ഷത്തൈകളും മുളത്തൈകളും വച്ചു പിടിപ്പിക്കും

1 min read
Share

 

പനമരം : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയും പനമരം പൗരസമിതിയും സംയുക്തമായി വയനാട്ടിലെ മുഴുവൻ കോളേജുകളിലും ഫലവൃക്ഷത്തൈകളും മുളത്തൈകളും വച്ചു പിടിപ്പിക്കുമെന്ന് ഭാരവാഹികൾ പനമരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ബഫർസോൺ പ്രഖ്യാപനങ്ങളിലെ അവ്യക്ത മൂലം ജില്ലയിൽ നിന്നും വ്യാപകമായ രീതിയിൽ കൈവണ്ണമുള്ള മരങ്ങൾ പോലും വെട്ടി വിറ്റുപോവുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാക്കാൻ ഇടയാക്കുന്ന സാഹചര്യത്തിലാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന വൃക്ഷത്തൈ നടീൽ യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

 

വനത്താൽ ചുറ്റപ്പെട്ടതും ഉൾപ്രദേശങ്ങളിൽ പോലും വനത്തിന്റെ സാമീപ്യവുമുള്ള ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ജില്ലയാണ് വയനാട്. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിലെ കർഷകർ വന്യമൃഗങ്ങളുടെ ശല്യവും വരൾച്ചയും കൂടുതലായി അനുഭവിക്കുന്നവരാണ്. ഈ ചെറിയ ജില്ലയിൽ അനവധി ആളുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ദിനംപ്രതി ഇരയാകുന്നത്. കാർഷിക വിളകളുടെ നഷ്ടം വന്യമൃഗങ്ങൾ വരുത്തി വയ്ക്കുന്നത് കോടിക്കണക്കിന് രൂപയുടേതും.

 

ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് മരംമുറി എന്ന പ്രതിഭാസം വയനാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കർഷകർ അവരവരുടെ കൃഷിയിടങ്ങളിൽ നട്ടുവളർത്തിയ കൈവണ്ണമുള്ള മരങ്ങൾ പോലും മുറിച്ച് വിറ്റുകൊണ്ടിരിക്കുന്നു. ഇതിന് കാരണമായിരിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബഫർസോൺ – പരിസ്ഥിതി ലോലമേഖലകളെ സംബന്ധിച്ച വാർത്തകളും. അത്തരം പ്രഖ്യാപനങ്ങൾ വന്നു കഴിഞ്ഞാൽ തങ്ങൾ നട്ടുവളർത്തിയ മരങ്ങളുടെ കമ്പുകൾ പോലും മുറിക്കാൻ കഴിയില്ല എന്ന അറിവാണ് ഈ കൊടുംപാതകം മനസ്സില്ലാ മനസ്സോടെ ചെയ്യുന്നതിന് കർഷകരെ പ്രേരിപ്പിക്കുന്നത്.

 

കർഷകരാണ് പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുവാൻ ഏറ്റവും പ്രാപ്തരായവർ എന്ന തിരിച്ചറിവോടെ വ്യാപകമായ രീതിയിലുള്ള മരംമുറി അവസാനിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തിര പ്രഖ്യാപനങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉടൻ ഉണ്ടാവണം. കർഷകരുടെ കൈവശമുള്ള കൃഷിസ്ഥലങ്ങളെ ബാധിക്കാത്ത തരത്തിൽ പ്രഖ്യാപനം നടത്തുവാൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും കർഷക രക്ഷയ്ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണം. ആഗോള താപനത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി വേണം. കർഷകരുടെ ഭീതി അകറ്റുന്നതിനും പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ വനം വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിൽ നിന്നും ഉണ്ടാവണം. കർഷകരില്ലാതെ സമൂഹത്തിന് മുന്നോട്ട് പോകുവാൻ ആവില്ല. അതു കൊണ്ട് തന്നെ അവരെ കൂടി ചേർത്ത് നിർത്തിക്കൊണ്ടുള്ള ഒരു പരിഹാരമാണ് ഉണ്ടാവേണ്ടത്.

 

പത്രസമ്മേളനത്തിൽ റെഡ്ക്രോസ് ജില്ലാ ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ , സെക്രട്ടറി മനോജ് കെ. പനമരം, പൗരസമിതി കൺവീനർ റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, ജോ.കൺവീനർ കാദറുകുട്ടി കാര്യാട്ട്, ടി.ഖാലിദ്, ടി.പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.