ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു : മാനന്തവാടി ഉപജില്ല കിരീടം നിലനിർത്തി
മാനന്തവാടി : നാല് ദിവസങ്ങളിലായി ജില്ലയിലെ കലാപ്രതിഭകൾ അരങ്ങ് വാണ നാല്‍പ്പത്തിയൊന്നാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീരമായ സമാപനം. കലോത്സവത്തിൽ മാനന്തവാടി ഉപജില്ല കിരീടം നിലനിർത്തി. കണിയാരം ഫാദര്‍ ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന കലോത്സവ വേദിയായ വല്ലിയിൽ നടന്ന സമാപന ചടങ്ങ് ജില്ലാ കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ബാൻഡ് മേളം നടത്തിയ സാൻജോ സ്കൂൾ അധികൃതരെ ആദരിച്ചു. ആർ.എം.എസ് കോർഡിനേഷൻ ഭാരവാഹികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു. കണിയാരം ഫാദര്‍ ജികെഎം ഹയര്‍ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോസഫ്സ് ടി.ടി.ഐ, സാന്‍ജോ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് കലയുടെ മാമാങ്കം അരങ്ങേറിയത്. ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,വി.എച്ച്എസ്.ഇ വിദ്യാലയങ്ങളില്‍ നിന്നായി 4,000 ത്തോളം വിദ്യാര്‍ഥികൾ മേളയുടെ ഭാഗമായി.
മാനന്തവാടി , സുല്‍ത്താന്‍ വൈത്തിരി , ബത്തേരി എന്നീ 3 ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാണ് ജില്ലാ മേളയില്‍ പങ്കെടുത്തത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പ്രകൃതി സൗഹാര്‍ദപരമായാണ് മേള നടത്തിയത്. വയനാട് ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും വയനാട്ടുകാരായ എഴുത്തുകാരുടെയും പേരുകളിൽ അറിയപ്പെട്ട 14 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടത്തിയത്.
ജനറല്‍ കലോത്സവം, അറബിക്കലോത്സവം ,സംസ്‌കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 300-ല്‍ അധികം ഇനങ്ങളിലാണ് പ്രതിഭകൾ മത്സരിച്ചത്. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി , നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹിയായ പി.വി.എസ് മുസ കൗൺസിലർമാരായ പി.വി ജോർജ്, മാർഗരറ്റ് തോമസ്, വി.ആർ പ്രവീജ്, സി.ആരിഫ് , എ.ഡി.എം എൻ.ഐ ഷാജു, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ശശിപ്രഭ, സ്കൂൾ മാനേജർ ഫാ. സണ്ണി മoത്തിൽ , സംഘാടക സമിതി ഭാരവാഹികളായ എൻ.പി മാർട്ടിൻ, കെ.ബി സിമിൽ, സിസ്റ്റർ പി.സി മോളി, പ്രിൻസിപ്പാൾ അന്നമ്മ.എം.ആൻറണി, സ്മിത പോൾ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സ്ക്കൂൾ കലോത്സവം മാനന്തവാടിക്ക് കിരീടം
നാൽപ്പത്തി ഒന്നാമത് ജില്ലാ റവന്യുസ്കൾകലോത്സവത്തിന് തിരശ്ശീല വീണപ്പോൾ മാനന്തവാടി ഉപജില്ല 916 പോയിൻറ് നേടി കിരീടം നിലനിർത്തി. 879 പോയിൻ്റ് നേടി വൈത്തിരി ഉപജില്ലയും ബത്തേരി ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു . യു പി വിഭാഗം ജനറലിൽ 35 പോയിൻ്റുകളുമായി എം ജി എം എച്ച് എസ് എസ് ജേതാക്കളായപ്പോൾ 30 പോയിൻ്റുകളുമായി ഡബ്ല്യു ഒ യു പി മുട്ടിൽ, എസ് കെ എം ജെ കൽപ്പറ്റ റണ്ണേഴ്സ് അപ്പ് ആയി, ഹൈസ്ക്കൂൾ വിഭാഗം ജനറലിൽ 111 പോയിൻ്റുകളുമായി എം ജി എം എച്ച് എസ് എസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 96 പോയിൻ്റുകളുമായി ജി വി എച്ച് എസ് എസ് രണ്ടാംസ്ഥാനം നേടി ഹയർ സെക്കണ്ടറി വിഭാഗത്തിൽ 96 പോയിൻ്റ് നേടി ഡ ബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് ഒന്നാം സ്ഥാനം നേടിയപ്പോൾ ജി എച്ച് എസ് എസ് മീനങ്ങാടി 88 പോയിൻ്റ് നേടി റണ്ണേഴ്സ് അപ് ആയി.എച്ച്എസ് അറബിക് കലോത്സവത്തിൽ ഡബ്ല്യ എച്ച് എസ് പിണങ്ങോട് 88 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും, ഡബ്ബു ഒ എച് എസ് എസ് മുട്ടിൽ 45 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും നേടി, യു പി അറബിക് വിഭാഗത്തിൽ 45 പോയിൻ്റുകൾ നേടി ജിയുപിഎസ് വെള്ളമുണ്ടയും, ഡബ്ലു ഒയുപിഎസ് മുട്ടിലും ഒന്നാം സ്ഥാനം പങ്കിട്ടു, ജി യുപിഎസ് പിണങ്ങോട് 28 പോയിൻ്റുകൾ നേടി, ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത ഉത്സവത്തിൽ 63 പോയിൻ്റ് നേടി ഫാ: ജി കെ എം ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തും, 50 പോയിൻ്റ് നേടി ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ രണ്ടാം സ്ഥാനവും നേടി. യു പി സംസ്കൃതോത്സവത്തിൽ 40 പോയിൻ്റുകൾ നേടി സെൻ്റ് തോമസ് എച്ച് എസ് നടവയലും, അസംപ്ഷൻ എ യു പി സ്കൂൾ ബത്തേരിയും ഒന്നാം സ്ഥാനം നേടിയപ്പോൾ സെൻ്റ് ജോസഫ്സ് യു പി കല്ലോടി 28 പോയിൻ്റുകൾ നേടി രണ്ടാം സ്ഥാനവും നേടി.