ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിൽ 136 പന്നികളെ കൊന്നൊടുക്കി
മാനന്തവാടി : ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ 136 പന്നികളെ കൊന്നൊടുക്കി. എള്ളുമന്ദത്തെ പിണക്കൽ പി.ബി നാഷ്, വർഗീസ് പുന്നക്കൊമ്പിൽ, അജീഷ് ചേനത്തോട്, ഡോളി കിഴക്കൻ പുതുപ്പള്ളി എന്നിവരുടെ 136 പന്നികളെയാണ് കൊന്നത്. കൊന്നൊടുക്കിയ പന്നികളിൽ രണ്ടെണ്ണം കുട്ടികളാണ്.
പി.ബി നാഷിന്റെ ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിൽ 13 പന്നികൾ ചത്തിരുന്നു. സാംപിളുകൾ ശേഖരിച്ച് ബെംഗളൂരുവിലെ സതേൺ റീജണൽ ഡയഗ്നോസ്റ്റിക് ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്നാണ് ഒരു കിലോമീറ്റർ പരിധിയിലുള്ള ഫാമുകളിലെ പന്നികളെയും കൊല്ലാൻ തീരുമാനിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെയാണ് പന്നികളെ കൊല്ലുന്നതിനുള്ള മൃഗസംരക്ഷണവകുപ്പിന്റെ പ്രത്യേക ആർ.ആർ.ടി സംഘമെത്തിയത്. കൊന്നശേഷം കർഷകർക്കുള്ള നഷ്ടപരിഹാരം കണക്കാക്കാൻ ഭാരം രേഖപ്പെടുത്തി. മുൻപ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ ചെയ്ത ഇലക്‌ട്രിക് സ്റ്റണ്ണർ ഉപയോഗിച്ചുള്ള (‘ഹ്യുമേൻ കള്ളിങ്’) സംവിധാനംതന്നെയാണ് എള്ളുമന്ദത്തും സ്വീകരിച്ചത്.
പള്ളിക്കുന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ, കാട്ടിക്കുളം വെറ്ററിനറി സർജൻ ഡോ. വി. ജയേഷ്, എടവക വെറ്ററിനറി സർജൻ ഡോ. സീലിയ ലൂയിസ്, കാട്ടിമൂല വെറ്ററിനറി സർജൻ ഡോ. ഫൈസൽ യൂസഫ് എന്നിവരടങ്ങിയ 15 അംഗ സംഘമാണ് ദൗത്യംപൂർത്തിയാക്കിയത്. മാനദണ്ഡപ്രകാരം നിശ്ചിതയളവിൽ നിർമിച്ച കുഴികളെടുത്ത് പന്നികളുടെ ജഡം മറവുചെയ്തശേഷമാണ് വൈകീട്ടോടെ സംഘം മടങ്ങിയത്. കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ പറഞ്ഞു. നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും ഫാമുടമകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പറഞ്ഞു.
കഴിഞ്ഞ ജൂലായിലാണ് സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തവിഞ്ഞാൽ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന്റെ ഫാമിലാണ് രോഗം റിപ്പോർട്ടുചെയ്തത്.
പിന്നീട് മാനന്തവാടി നഗരസഭയിലെ കണിയാരത്തും നെന്മേനി, പൂതാടി പഞ്ചായത്തുകളിലും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു. ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 874 പന്നികളെയാണ് കൊന്നൊടുക്കിയത്.