കാട്ടിക്കുളത്ത് വൻ ലഹരിമരുന്നുവേട്ട ; കളിപ്പാട്ടത്തില്‍ ഒളിപ്പിച്ച് കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി : കാട്ടിക്കുളം പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനാംഗങ്ങളും, തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും, സംയുക്തമായി നടത്തിയ പരിശോധനയില്‍ കളിപ്പാട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ കാറില്‍ കടത്തിയ 106 ഗ്രാം എംഡിഎംഎ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ പെരുമണ്ണ കുറ്റിപ്പാള പറമ്പില്‍ പീടിക ചീരംകുളങ്ങര മുഹമ്മദ് ഉനൈസ് സി.കെ (31), വെണ്ണിയൂര്‍ നല്ലൂര്‍ മുഹമ്മദ് ഫാരിസ് (27), വെണ്ണിയൂര്‍ നെച്ചിങ്കല്‍ എന്‍. ഹഫ്‌സീര്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവര്‍ സഞ്ചരിച്ച കെ.എല്‍ 55 ബി 9002 സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. ഒരു ഗ്രാമില്‍ താഴെ എംഡിഎംഎ പിടിച്ചാല്‍ പോലും ഗൗരവകരമായ കുറ്റമായിരിക്കെ 106 ഗ്രാം എംഡിഎംഎ പിടികൂടിയത് ജില്ലയിലെ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടകളിലൊന്നായിരിക്കുകയാണ്.
എസ്.ഐ അനില്‍കുമാര്‍ സി.ആര്‍ , എഎസ്ഐ രവി, എസ് സിപിഒ അനൂപ് ഇ.എ, സി.പി.ഒ മാരായ ബിജു രാജന്‍, സജു, സുരേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.