ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു
ലണ്ടന്‍ : ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്.
ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്ന് ഋഷി സുനക് ചുമതലയേറ്റതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുമെന്നും കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സുനക് വ്യക്തമാക്കി. കോവിഡാനന്തര ദുര്‍ഘട സന്ധിയിലാണ് ചുമതലയേല്‍ക്കുന്നത്. കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. സാമ്ബത്തിക സ്ഥിരത ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പെന്നി മോര്‍ഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.